ഇൻഡോർ: നീറ്റ് യുജി ഫലപ്രഖ്യാപനം തടഞ്ഞ് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന്റെതാണ് നടപടി. പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങിയത് പ്രകടനത്തെ ബാധിച്ചെന്ന വിദ്യാർഥിയുടെ പരാതിയിലാണ് നടപടി.
മെയ് നാലിന് നടന്ന നീറ്റ് പരീക്ഷയ്ക്കിടെ മോശം കാലാവസ്ഥയെ തുടർന്ന് മധ്യപ്രദേശിൽ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാർത്ഥിയുടെ ഹർജിയിൽ ഇടപെട്ട കോടതി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്.
ഹർജി വീണ്ടും പരിഗണനയ്ക്ക് എടുക്കും വരെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കരുത് എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി ജൂൺ 30 ന് വീണ്ടും പരിഗണിക്കും.
ഹർജിയിൽ പരീക്ഷ സംഘടിപ്പിക്കുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ), കേന്ദ്ര സർക്കാർ, മധ്യപ്രദേശ് വെസ്റ്റ് സോൺ വൈദ്യുതി വിതരണ കമ്പനി എന്നിവരിൽ നിന്ന് വിശദീകരണം തെടിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം വിഷയത്തിൽ വിശദീകരണം നൽകണം എന്നാണ് കോടതിയുടെ നിർദേശം.
ഇൻഡോറിൽ നീറ്റ് പരീക്ഷ നടന്ന കേന്ദ്രങ്ങളിൽ മിക്കതിലും വൈദ്യുതി മുടക്കം ഉൾപ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള ജനറേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ആരോപിച്ചു.
മേഖലയിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അധികൃതർ ആവഗണിച്ചെന്നും വിദ്യാർഥിയുടെ അഭിഭാഷകൻ ആരോപിച്ചു.
പരീക്ഷയിക്കിടെ വൈദ്യുതി മുടങ്ങിയപ്പോൾ പല കേന്ദ്രങ്ങളിലും മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികൾ പരീക്ഷ പൂർത്തിയാക്കിയത് എന്നും ഹർജിക്കാർ പറഞ്ഞു.
രാജ്യത്ത് ഉടനീളം ഏകദേശം 21 ലക്ഷം കുട്ടികളാണ് നീറ്റ് പരീക്ഷയെഴുതിയിരിക്കുന്നത്. ജൂൺ 14 ന് പരീക്ഷാ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ









