മധുര: എം എ ബേബി സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയാകും. പൊളിറ്റ് ബ്യൂറോ യോഗത്തിൽ ഇത് സംബന്ധിച്ച ധാരണയായി. 16 അംഗ പിബിയിൽ 5 പേർ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തിരുന്നു.
ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് എം എ ബേബിക്ക് അംഗീകാരം നൽകിയത്. പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയിൽ നിർദേശിച്ചത് എന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും.
കൂടാതെ പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണ് വിവരം. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.