കോട്ടയത്തെ ഷോപ്പിംഗ് അനുഭവത്തിനു മാറ്റുകൂട്ടാൻ ലുലു മാൾ തുറന്നു. കോട്ടയം മണിപ്പുഴയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ ആണിത്. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്കു മാളിലേക്ക് പ്രവേശനമുണ്ട്. Lulu Mall opens in Kottayam
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മുഖ്യ ആകർഷണങ്ങൾ. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും. രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഒരുക്കിയിരിക്കുന്നത്.
ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും കേന്ദ്രങ്ങളും മാളിലുണ്ട്. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി ശ്രേണികളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളും ഇവിടെ ലഭ്യമാണ്.
മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം. മക്ഡോണൾഡ്, കോസ്റ്റ കോഫി, കെഎഫ്സി, മാമഎർത്ത്, അമുൽ, ലൂയി ഫിലിപ്, ആരോ, നോർത്ത് എക്സ്പ്രസ്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അവ്-ബെയ്ക്, അന്നഃപൂർണ തുടങ്ങി നിരവധി ബ്രാൻഡുകൾ ഇവിടെയുണ്ട്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ മുഖ്യാതിഥികളായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ഷീന ബിനു, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.