വൈപ്പിന്‍: പുഴയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ പട്ടിണിയിലായത് പുഴമീന്‍ വില്പനക്കാര്‍. നൂറുകണക്കിന് മീന്‍ സ്റ്റാളുകളുള്ള എറണാകുളം ജില്ലയില്‍ പുഴമീനുകളുടെ വില്പന നിലച്ച മട്ടാണ്.
ആളുകൾ വാങ്ങാതായതോടെ മീന്‍ സ്റ്റാള്‍ ഉടമകള്‍ മത്സ്യ വ്യാപാരികളില്‍ നിന്ന് പുഴ മീന്‍ വാങ്ങാതായി. മുനമ്പം അഴിമുഖത്ത് വലിയ ചീനവലകളില്‍ നിന്ന് ധാരാളം പുഴ മീന്‍ ലഭിക്കാറുണ്ട്. മാര്‍ക്കറ്റില്‍ ഇതുവരെ ഇത്തരം മീനുകള്‍ക്ക് വലിയ ഡിമാന്‍ഡുമായിരുന്നു.
തിരുത, കണമ്പ്, കരിമീന്‍ തുടങ്ങിയവ 800 രൂപ വരെ വിലയുണ്ടായിരുന്നു. ഇപ്പോള്‍ ഇവിടുത്തെ മീനുകള്‍ സ്റ്റാളുകളില്‍ കൊണ്ടു ചെന്നാല്‍ സംശയത്തിന്റെ പേരില്‍ വാങ്ങുന്നില്ല. പുഴ മീന്‍ ഉപയോഗിക്കുന്നവരില്‍ പലരും ഇപ്പോള്‍ മുനമ്പത്ത് പോയി വലക്കാരോട് നേരിട്ട് മീന്‍ വാങ്ങുന്നുണ്ട്. ഇങ്ങിനെ വാങ്ങുന്ന മീനുകള്‍ക്ക് ഇപ്പോഴും വിലയുണ്ട്.
ഭൂരിപക്ഷം പേര്‍ക്കും മുനമ്പത്ത് എത്തി മീന്‍ വാങ്ങാന്‍ സാധിക്കില്ല.രാസമാലിന്യ ഭയം കടല്‍മീനുകളെ ബാധിക്കാത്തതിനാല്‍ കടല്‍ മീനുകള്‍ക്ക് മാര്‍ക്കറ്റില്‍ ഇപ്പോഴും വിലയുണ്ട്. മാത്രമല്ല അവ വാങ്ങാന്‍ പൊതുജനങ്ങള്‍ക്ക് ഭയവുമില്ല. കടലിലെ മത്സ്യ സമ്പത്ത് ശോഷിച്ചതിനാല്‍ മീനിന്റെ ലഭ്യതക്കുറവുണ്ടത്രെ.
കടല്‍മീനുകളെക്കാള്‍ മാര്‍ക്കറ്റുകളില്‍ ഏറെ പ്രിയമായിരുന്ന പുഴ മീനുകള്‍ക്കാണ് ഇപ്പോള്‍ കഷ്ടകാലം. കടല്‍മീനുകള്‍ക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ വിലയുണ്ട്.- വ്യാപാരികള്‍
Read Also:ഹൊ എന്തൊരു ലാഭം; കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകളുടെ സംയോജിത ലാഭം 4,218 കോടി രൂപ