ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് നാളെ. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും.
ഉത്തര്‍പ്രദേശില്‍ 13 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലെത്തും. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും നാളെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര (11 സീറ്റ്) പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പുണ്ട്.
ലോക്സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, യൂസഫ് പഠാന്, മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് നാളെ ജനവിധി തേടുന്ന പ്രമുഖര്‍. പരസ്യപ്രചരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചരണം നടക്കും.