തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ തൃശൂരിൽ പ്രതാപനും സുരേഷ് ഗോപിക്കും പിന്നാലെ സിപിഐ നേതാവ് വിഎസ് സുനിൽ കുമാറിനായുള്ള പ്രചാരണങ്ങൾ ആരംഭിച്ചു. നേരത്തെ കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കും വേണ്ടിയുള്ള ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സുനിൽകുമാറിന് വോട്ടഭ്യർഥിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത്. തൃശൂരിലെ വിദ്യാർഥികൾ എന്ന പേരിലാണ് പോസ്റ്റർ പ്രചരണം.
‘സുനിലേട്ടന് ഒരു വോട്ട്’ എന്നതാണ് പോസ്റ്ററിലെ പ്രധാന വാചകം. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാര്‍ത്ഥി തീരുമാനമോ ഔദ്യോഗിക പ്രചാരണമോ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു. അതേസമയം പ്രതാപനായുള്ള ചുവരെഴുത്തുകൾ തൃശൂരിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചൂണ്ടലിലാണ് പ്രതാപന്റെ പേരിൽ ചുവരെഴുത്തുകൾ നടത്തിയിട്ടുള്ളത്. നേരത്തെ, ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലും പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകൾ ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശത്തിനു ശേഷമാണ് തൃശൂരിൽ ചുവരെഴുത്തുകളും പ്രചാരണങ്ങളും വ്യാപകമായിരിക്കുന്നത്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരേഷ് ഗോപിയ്ക്ക് വേണ്ടിയുള്ള ചുവരെഴുത്തുകൾ തൃശൂരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയെന്നുമാണ് ചുവരെഴുത്തിലുണ്ടായിരുന്നത്. സുരേഷ് ഗോപിയ്ക്ക് വോട്ട് ചോദിച്ചുകൊണ്ട് ഓട്ടോറിക്ഷകളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു.