ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇ പി ജയരാജന് നിർദ്ദേശം നൽകിയെന്നും എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവും. വോട്ടിംഗ് ശതമാനത്തിലെ കുറവ് ഇടത് സാധ്യത ഇല്ലാതാക്കില്ല. എൽഡിഎഫിൻ്റെ എല്ലാ വോട്ടും ബൂത്തിലെത്തിയിട്ടുണ്ട്. വോട്ട് കുറഞ്ഞത് യുഡിഎഫ് സ്വാധീന മേഖലകളിലാണ്. ഇടത് മുന്നണി ഭൂരിപക്ഷ സീറ്റ് നേടും. കൂടാതെ കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആർഎസ്എസും പയറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.