തിരുവനന്തപുരം: മഴക്കാലം അടുക്കുന്നതോടെ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജനപങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. മെയ് 20 ന് മുന്‍പ് ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.
തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ എന്നിവരുടെ കൂട്ടായ ശ്രമമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിന്‍റെ ഭാഗമായി വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കായി ഏകോപന യോഗങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ജില്ലാതല പരിശീലനവും സംഘടിപ്പിച്ചിരുന്നു. വഴിയോരങ്ങളിലും തോടുകളിലുമുള്ള മാലിന്യങ്ങള്‍, പൊതു ശൗചാലയങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണം പുരോഗമിക്കുകയാണ്. മഴക്കാല പൂര്‍വ വാര്‍ഡുതല കര്‍മപദ്ധതിയുടെ ഭാഗമായി 2,224 കിലോമീറ്റര്‍ നീര്‍ച്ചാലുകളും തോടുകളും വൃത്തിയാക്കുകയും 2,443 കിലോമീറ്റര്‍ കൂടി ശുചീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കൂടുതല്‍ വെള്ളക്കെട്ട് ഉണ്ടാകാറുള്ള സ്ഥലങ്ങളിലെ ഓടകളും ശുചീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആരോഗ്യ വകുപ്പ് ഹോട്ട്സ്പോട്ടുകളായി അടയാളപ്പെടുത്തിയവയ്ക്ക് പുറമെ ശുചിത്വ സമിതികള്‍ കണ്ടത്തിയ 327 ഹോട്ട്സ്പോട്ടുകളില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. പൊതുജനാരോഗ്യ പ്രശ്ന സാധ്യതയുള്ള വീടു പരിസരങ്ങള്‍/സ്ഥാപനങ്ങള്‍/പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.
മഴക്കാല ശുചീകരണവുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണം നടക്കാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജലസ്രോതസ്സുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ജലസേചന-നഗര/ഗ്രാമ തൊഴിലുറപ്പ് പദ്ധതി വകുപ്പുകളുമായുള്ള യോഗങ്ങളും നടക്കുന്നുണ്ട്. വെള്ളക്കെട്ടില്‍ ഇറങ്ങി ജോലി ചെയ്യുന്നവര്‍ക്ക് ഡോക്സി സൈക്ലിന്‍ ഗുളിക ലഭ്യമാക്കും. തൊഴില്‍ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
Read Also: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
Read Also: മിറായ വധേരക്ക് 3000 കോടിയുടെ സ്വത്തുണ്ടെന്ന് ട്വീറ്റ്; അനൂപ് വർമക്കെതിരെ കേസ്