തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ വായ്പ മുഴുവനായും എഴുതിത്തള്ളുന്നത് പരിഗണിക്കാൻ വിവിധ ബാങ്കുകളോട് ബാങ്കേഴ്സ് സമിതി നിർദേശിച്ചു.Loans of Wayanad disaster victims to be completely written off
ബന്ധപ്പെട്ട ബാങ്കുകളുടെ ബോർഡ് യോഗം ചേർന്നാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആശ്വാസനടപടികൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മുഖമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി. വേണു എന്നിവരും പങ്കെടുത്തു.
വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 12 ബാങ്ക് ശാഖകളിൽ 3220 ആളുകളുടെ പേരിൽ 35.30 കോടി രൂപയുടെ വായ്പകളാണ് നിലവിലുള്ളത്.
അടിയന്തര ആശ്വാസ നടപടിയെന്നനിലയിൽ ഈ വായ്പകൾ പുനഃക്രമീകരിക്കാനും തീരുമാനമായി. അതുവഴി വായ്പ തിരിച്ചടവിന് കൂടുതൽ സാവകാശം ലഭിക്കും. ദുരന്തബാധിതർക്ക് പുതിയ വായ്പ ഉദാരമായ വ്യവസ്ഥകളിൽ വേഗത്തിൽ ലഭ്യമാക്കും.
അത്യാവശ്യ വീട്ടുസാധനങ്ങൾ വാങ്ങുന്നതിന് 25,000 വരെ വായ്പ ഈടില്ലാതെ നൽകും. 30 മാസംകൊണ്ട് തിരിച്ചടച്ചാൽ മതി.
ദുരന്തബാധിതരിൽനിന്ന് പിടിച്ച പണം ബാങ്ക് തിരിച്ചുനൽകിത്തുടങ്ങി
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് സർക്കാർ നൽകുന്ന അടിയന്തര ധനസഹായത്തിൽനിന്ന് വായ്പകളുടെ ഗഡു പിടിച്ച ഗ്രാമീൺ ബാങ്ക് തുക തിരിച്ചുനൽകിത്തുടങ്ങി.
ബാങ്കിന്റെ ചൂരൽമല ശാഖയാണ് ഇത്തരത്തിൽ പണം കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചത്. ബാങ്കിന്റെ കൽപറ്റയിലെ റീജ്യനൽ ഓഫിസിലേക്ക് തിങ്കളാഴ്ച ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. ബാങ്ക് ഉപരോധിച്ച പ്രവർത്തകർ അധികൃതർ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.
തുടർന്നാണ് നിലവിൽ മൂന്നുപേരുടെ പണം തിരിച്ചുനൽകിയെന്നും ബുധനാഴ്ചയോടെ എല്ലാവരുടെയും പണം തിരികെ നൽകാമെന്നും ബാങ്ക് അധികൃതർ അറിയിച്ചത്.
രാവിലെ 7.30ഓടെ ഡി.വൈ.എഫ്.ഐയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ബാങ്ക് ഉപരോധിച്ച ഇവർ ഉദ്യോഗസ്ഥരെ ആരെയും കടത്തിവിട്ടില്ല. ശേഷം ചീഫ് മാനേജർ അടക്കമുള്ള മൂന്നുപേരെ കടത്തിവിട്ടു.
എത്രപേരുടെ പണം പിടിച്ചിട്ടുണ്ട് എന്ന വിവരത്തിനായി വിശദമായ പരിശോധന നടക്കുകയാണെന്ന് ചീഫ് മാനേജർ അറിയിച്ചു. പണം പിടിച്ച സംഭവത്തിൽ രേഖാമൂലം മാപ്പ് പറയണമെന്ന നിലപാടിൽ സംഘടനകൾ ഉറച്ചുനിന്നു.
തുടർന്ന് അധികൃതർ ക്ഷമാപണം രേഖാമൂലം നൽകിയതോടെയാണ് സമരം അവസാനിച്ചത്. വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും നടപടികളില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ ലീഡ് ബാങ്കിലേക്കും മാര്‍ച്ച് നടത്തി.
ദുരന്തബാധിത പ്രദേശങ്ങളിലുള്ളവരിൽനിന്ന് ഇ.എം.ഐ പിടിച്ച കല്പറ്റ ബജാജ് ഫിനാന്‍സ് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
ചിലർക്ക് പണം തിരികെ നൽകിയെന്നും ബാക്കിയുള്ളവർക്ക് രണ്ട് ദിവസത്തിനകം പണം തിരിച്ചുനൽകാമെന്നും ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിച്ചു.