തിരുവനന്തപുരം: പെപ്സിയും കൊക്കോ കോളയുമൊക്കെ അടിപൊളിയായി ഡിസ്പ്ലേ ചെയ്യുന്നത് കണ്ടിട്ടില്ലേ, ഇനി അതുപോലെ തന്നെ മനോഹരമായി മദ്യ കുപ്പികൾ ഡിസ്പ്ലേക്ക് വെയ്ക്കും.
സ്വന്തം ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ മദ്യക്കമ്പനികൾക്കു സ്പോൺസർഷിപ്പിലൂടെ അവസരവുമൊരുക്കാനാണ് ബവ്റിജസ് കോർപറേഷൻ്റെ തീരുമാനം.
ക്യൂ ഇല്ലാതെ മദ്യം വിൽക്കാൻ ഇപ്പോഴുള്ള പ്രീമിയം ഷോപ്പുകൾക്കു പുറമേ തുടങ്ങുന്ന, ബവ്റിജസ് കോർപറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളിലാവും മദ്യകമ്പനികൾക്ക് ബ്രാൻഡ് ഡിസ്പ്ലേക്ക് അവസരം ഒരുങ്ങുന്നത്.
കൊച്ചിയിൽ രണ്ടും തൃശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ 2 മാസത്തിനകം തുടങ്ങാനാണ് പദ്ധതി. കോഴിക്കോട്ട് മാളിലും കൊച്ചിയിൽ മെട്രോ സ്റ്റേഷനിലുമാണ് ഷോപ്പ് തുടങ്ങുന്നത്.
നിലവിൽ ബവ്കോയുടെ 285 ഷോപ്പുകളിൽ 162 എണ്ണം പ്രീമിയം എന്ന പേരിലുള്ള സെൽഫ് ഹെൽപ് ഷോപ്പുകളാണ്. 500 രൂപയ്ക്കു മുകളിലുള്ള മദ്യമാണ് ഇവിടെ വിൽപ്പന നടത്തുന്നത്.
സൂപ്പർ പ്രീമിയം ഷോപ്പുകളിൽ 900 രൂപയ്ക്കു മുകളിലുള്ള മദ്യം മാത്രമാകും വിൽക്കുക. പൂട്ടിപ്പോയ 68 എണ്ണം ഉൾപ്പെടെ 243 ഷോപ്പുകൾക്ക് വാടകക്കെട്ടിടം ലഭിക്കാത്ത സ്ഥിതി മാറി. ‘ബവ് സ്പേസ്’ പോർട്ടലിൽ 330 പേർ കെട്ടിടം വാടകയ്ക്കു നൽകാൻ സമ്മതമറിയിച്ചിട്ടുണ്ട്.