കൊല്ലം: പത്തനാപുരത്ത് വീണ്ടും പുലിയിറങ്ങി. പത്തനാപുരം എസ്എഫ്‌സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ നാട്ടുകാരും തൊഴിലാളികളും ഭീതിയിലാണ്. കഴിഞ്ഞ ദിവസം പുലിയെ കണ്ട ഭാഗത്ത് ഇന്ന് വീണ്ടും രണ്ട് പുലികളെ കണ്ടതായി തൊഴിലാളികള്‍ പറഞ്ഞു.(Leopard found again in pathanapuram)
പ്രദേശത്ത് കണ്ട പുലിയുടെ വിഡിയോ എടുത്ത് നാട്ടുകാര്‍ പ്രചരിപ്പിച്ചതോടെ ഫോറസ്റ്റ് ജീവനക്കാരും എസ്‌എഫ്‌സികെ അധികൃതരും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. ലയത്തിന് സമീപം കാവലും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലും വനപ്രദേശത്തും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. വനപാലക സംഘം പ്രദേശത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നാട്ടുകാര്‍ വീണ്ടും പുലിയെ കണ്ടത്.
പുലിക്കൂട് സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവ് വാങ്ങാന്‍ പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് നടപടി സ്വീകരിച്ചതായാണ് വിവരം. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ജീവന് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വനപാലക സംഘം അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.