എറണാകുളം: പറവൂരില്‍ സഹോദര പുത്രന് രമേശ് വീട് തകര്‍ത്തത് തന്നെ ഒഴിവാക്കാനെന്ന് ലീല. എറണാകുളം പറവൂരിലാണ് 56 വയസ്സുകാരി ലീലയെ ഒഴിവാക്കാനായി സഹോദര പുത്രന് രമേശ് ജെസിബി ഉപയോഗിച്ച് വീട് തകര്‍ത്തത്. രമേശിന്റെ കയ്യിലുള്ളത് വ്യാജ വില്പ്പത്രമാണെന്നും തനിക്കുകൂടി അവകാശപ്പെട്ട ഭൂമിയില്‍ നിന്നാണ് ഇറക്കിവിടുന്നത്. കുടുംബത്തെ വിശ്വാസമുള്ളതുകൊണ്ട് സ്വന്തം പേരിലേക്ക് ഭൂമി എഴുതി വാങ്ങിയില്ലെന്നും ലീല പറഞ്ഞു. സഹോദരപുത്രന് വീട് തകര്‍ത്തതിനെ തുടര്‍ന്ന് വഴിയാധാരമായിരിക്കുകയാണ് 56 വയസുകാരിയായ ലീല. പറവൂര്‍ പെരുമ്പടന്നയിലാണ് സംഭവം.
വീടിരിക്കുന്ന സ്ഥലം രമേശിന്റെ പിതാവും ലീലയുടെ സഹോദരനുമായ പരേതനായ കൃഷ്ണന്റെ പേരിലാണ്. എന്നാല്‍ തകര്‍ത്തുകളഞ്ഞ വീട് ലീലയുടെ മറ്റൊരു സഹോദരന് പരേതനായ ശിവന്റെ പേരിലാണെന്നും ലീല പറഞ്ഞു. അവിവാഹിതയായ ലീല വര്‍ഷങ്ങളായി ഈ വീട്ടിലാണ് താമസിക്കുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് വര്‍ഷങ്ങളായി രമേശനും കുടുംബവും ഉപദ്രവിക്കാറുണ്ടെന്നും ലീല ആരോപിച്ചു.
രണ്ട് ദിവസമായി തകര്‍ന്ന വീടിന് മുന്നിലാണ് ലീല രാവും പകലും കഴിച്ചുകൂട്ടുന്നത്. നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തകര്‍ന്ന വീടിനടുത്ത് ലീലയ്ക്ക് താമസിക്കാന്‍ താല്‍ക്കാലിക ഷെഡ് പണിതുനല്കി. സംഭവത്തില്‍ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പറവൂര്‍ പൊലീസ് അറിയിച്ചു.
Read Also: 22.10.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ