പ്രചാരണായുധം വികസനമാകണം; ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കൾ
നിയമസഭാ തിരഞ്ഞെടുപ്പിൽ വികസനം പ്രധാന പ്രചാരണ ആയുധമാക്കണമെന്ന ഇടതുമുന്നണിയുടെ ലക്ഷ്യം സ്വന്തം പാളയത്തിലെ നേതാക്കളുടെ വിവാദ പ്രസ്താവനകൾ മൂലം തകർന്നുവീഴുകയാണെന്ന വിലയിരുത്തൽ മുന്നണിക്കുള്ളിൽ ശക്തമാകുന്നു.
ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രചാരണ വിഷയങ്ങൾ വഴിതെറ്റിയത് തിരിച്ചടിയായതായി നേരത്തെ വിലയിരുത്തിയിരുന്നുവെങ്കിലും, സി.പി.എം നേതാക്കളുടെ നിയന്ത്രണമില്ലാത്ത പ്രതികരണങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
ഇടതുമുന്നണി സർക്കാർ പത്ത് വർഷം കൊണ്ട് കൈവരിച്ച വികസന നേട്ടങ്ങൾ വിശദീകരിക്കുന്നതിനായി മേഖലാ ജാഥകൾ ആരംഭിക്കാനിരിക്കെ, മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രസ്താവനകൾ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ തന്നെ തകർക്കുന്നുവെന്ന് ഘടകകക്ഷികൾ തുറന്നടിക്കുന്നു.
എൻ.എസ്.എസ്, എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിമാർ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ രംഗത്തുവന്നതോടെ യു.ഡി.എഫ് പ്രതിരോധത്തിലായിരുന്ന സമയത്ത്, മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം കോൺഗ്രസിന് ആയുധമായി മാറിയതായാണ് ഇടതുമുന്നണിയിലെ പൊതുവികാരം.
കാസർകോട് വിജയിച്ചവരുടെ പേരുകൾ ചൂണ്ടിക്കാട്ടി വർഗീയതയെക്കുറിച്ച് മുസ്ലീം ലീഗിനെതിരെ സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾക്ക് മാധ്യമങ്ങൾ നൽകിയ വ്യാപക പ്രചാരം, സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കി.
കർശന നിയന്ത്രണങ്ങൾ നിലവിലുണ്ടായിട്ടും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഇത്തരം പ്രതികരണങ്ങളിൽ സി.പി.എം നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്.
മുമ്പ് എ.കെ. ബാലൻ നടത്തിയ സമാന പരാമർശങ്ങൾ വലിയ വിവാദമായതും, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടപെട്ട് വിഷയം നിയന്ത്രിക്കേണ്ടിവന്നതും നേതൃനിരയ്ക്ക് മുന്നറിയിപ്പായി മാറിയിരുന്നു.
സജി ചെറിയാന്റെ പുതിയ പ്രസ്താവനയും അതേ മാതൃകയിലാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരത്തിലുള്ള വിടുവായത്തം തടയാൻ കർശന നടപടികൾ വേണമെന്ന ആവശ്യം സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ സി.പി.എമ്മിനോട് ഉന്നയിച്ചിട്ടുണ്ട്.
സജി ചെറിയാൻ മന്ത്രിസഭയിലെത്തിയതുമുതൽ തന്നെ പാർട്ടിക്കും സർക്കാരിനും തലവേദനയായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഭരണഘടനയെക്കുറിച്ചുള്ള വിവാദ പ്രസ്താവനയെ തുടർന്ന് മന്ത്രിസ്ഥാനം പോലും നഷ്ടമായ അദ്ദേഹത്തിന്റെ തിരിച്ചുവരവിനുശേഷവും വിവാദങ്ങൾ തുടരുകയാണ്.
ഉദ്ദേശം ശരിയായിരുന്നാലും, അത് അവതരിപ്പിക്കുന്ന രീതിയിലാണ് പ്രശ്‌നമെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായുള്ള സഹകരണത്തെക്കുറിച്ചുള്ള പരാമർശവും സി.പി.എമ്മിന് വലിയ ബാധ്യതയായി.
ഈ പ്രസ്താവന ഇടതുമുന്നണിക്ക് സൃഷ്ടിച്ച രാഷ്ട്രീയ തലവേദന ചെറുതായിരുന്നില്ല.
ചാനൽ മൈക്കുകൾക്ക് മുന്നിൽ നേതാക്കൾ നിയന്ത്രണമില്ലാതെ സംസാരിക്കുന്നതുകൊണ്ട് സി.പി.എമ്മിന് അനുകൂലമായി ഉയർത്തേണ്ട വിഷയങ്ങൾ പോലും വേണ്ടത്ര ചർച്ചയാകാതെ പോകുന്നുവെന്ന അസ്വസ്ഥത അണികളിലും ശക്തമാണ്.
മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി ഉയർത്തിയ ആരോപണങ്ങൾക്ക് ഫലപ്രദമായി മറുപടി നൽകാൻ കഴിയാതെ പോയതും ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇത്തരം അവസ്ഥ നിയന്ത്രിച്ചില്ലെങ്കിൽ മൂന്നാം ഭരണം എന്ന സ്വപ്‌നം യാഥാർഥ്യമാകില്ലെന്നും, ഇതിനകം വർഗീയമായി ധ്രുവീകരിക്കപ്പെട്ട സമൂഹത്തിൽ അശ്രദ്ധമായ പരാമർശങ്ങൾ വലിയ തീപൊരിയായി മാറാമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ മുന്നറിയിപ്പ് ഉയർന്നിട്ടുണ്ട്.
അതിനാൽ തന്നെ നേതാക്കളുടെ പ്രസ്താവനകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടികളാണ് ഇനി പാർട്ടി സ്വീകരിക്കേണ്ടതെന്ന ആവശ്യമാണ് മുന്നണിയിൽ ശക്തമാകുന്നത്.
English Summary
The Left Democratic Front (LDF) is facing internal criticism as controversial and uncontrolled remarks by CPM leaders threaten to derail its plan to focus on development as the main campaign theme for the upcoming Kerala Assembly elections. Statements by ministers like Saji Cheriyan and party leaders, despite earlier electoral setbacks, have pushed the alliance into defensive positions. Senior leaders and coalition partners have warned that such remarks could severely impact the LDF’s chances of securing a third term, especially in an already polarised political climate.
ldf-election-strategy-cpm-leaders-controversies-development-campaign
LDF, CPM, Kerala Assembly Elections, Saji Cheriyan, Political Controversy, Development Politics, Kerala Politics









