കൊച്ചി: വേനൽക്കാലത്തെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള കോടതികളിൽ അഭിഭാഷകർക്ക് ഡ്രസ്‌കോഡിൽ താത്കാലിക ഇളവ് അനുവദിച്ച് ഹൈക്കോടതി. ഹൈക്കോടതി അഭിഭാഷ അസോസിയേഷന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ നിർദേശം.
സാധാരണ വസ്ത്രത്തിനൊപ്പം കോളർ ബാൻഡ് മാത്രമാണ് നിർബന്ധമായിട്ടുള്ളത.്കോട്ടും ഗൗണും വേണ്ട. ചൂട് കനത്ത സാഹചര്യത്തിൽ മേയ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത.് കോട്ടും ഗൗണും ധരിക്കണമെന്നുണ്ടെങ്കിൽ ആകാം. വിലക്കില്ല. ഹൈക്കോടതിയിൽ ഗൗണിന് നിലവിൽ ഇളവുണ്ട്.
വേനൽകാലത്ത് ഡ്രസ് കോഡിൽ ഇളവു തേടി അഭിഭാഷകയായ ലിലിൻ ലാൽ നേരത്തെ ബാർ കൗൺസിലിനെ സമീപിച്ചിരുന്നു. കൊൽക്കത്ത, മദ്രാസ്, ഡൽഹി ഹൈക്കോടതികളിൽ ഇളവു നൽകിയെന്ന ഓൺലൈൻ വാർത്തകളുടെ ലിങ്ക് സഹിതമാണ് അവർ അപേക്ഷ നൽകിയത്.
കോടതികളിലെ വസ്ത്രധാരണത്തിലെ പരിഷ്‌കാരം സംബന്ധിച്ച് ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്. ചില രാജ്യങ്ങൾ ഇതിനകം പരിഷ്‌കരണം നടപ്പാക്കുകയുംചെയ്തു.