കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നൽകിയത്. അനാട്ടമി വിഭാഗത്തിന് മൃതദേഹം വിട്ടു കൊടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.(Lawrence’s body should be kept in the mortuary; The High Court sought an explanation from the government)
ആശാ ലോറൻസിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ അടക്കം സാന്നിധ്യത്തില്‍ നടത്തിയ ഹിയറിങ്ങിനു ശേഷമാണ് മെഡിക്കല്‍ കോളജില്‍ പഠനാവശ്യത്തിന് ലോറന്‍സിന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സൂപ്രണ്ടിനേക്കാൾ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിങ്ങ് നടത്താനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്.
മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കണമെന്ന് ലോറന്‍സ് പറഞ്ഞുവെന്നുള്ള സമ്മതപത്രത്തിന്റെ ആധികാരികതയില്‍ സംശയമുണ്ട്. ലോറന്‍സ് പറഞ്ഞുവെന്നാണ് മകനുള്‍പ്പെടെയുള്ളവര്‍ അവകാശപ്പെടുന്നത്. ഇതുമാത്രം പരിഗണിച്ച് മൃതദേഹം വിട്ടുനല്‍കരുതെന്നും ആശ ലോറന്‍സ് കോടതിയില്‍ വാദിച്ചു. ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.