തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുത്ത് അഞ്ചു വർഷത്തിനകം അത് ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരികെ നൽകുന്ന സുപ്രധാന വ്യവസ്ഥയടങ്ങിയ നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ദേശീയപാത നിർമ്മാണത്തിന്റെ വേഗത കൂട്ടാനും ഭൂമിയേറ്റെടുക്കലിലെ നിയമക്കുരുക്കുകൾ ഒഴിവാക്കാനുമാണ് നിയമഭേദഗതി.
ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയാകും (ഡീനോട്ടിഫൈ) ഉടമകൾക്ക് ഈ ഭൂമി തിരികെ നൽകുക. നഷ്ടപരിഹാരം നിശ്ചയിച്ചു കഴിഞ്ഞാൽ ഉടമകൾക്ക് എതിർപ്പുണ്ടെങ്കിൽ മൂന്നുമാസത്തിനകം അറിയിക്കണമെന്നും അല്ലെങ്കിൽ അംഗീകരിക്കില്ലെന്ന വ്യവസ്ഥയുമുണ്ടാകും.
നിയമഭേദഗതി ശുപാർശ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്ര ക്യാബിനറ്റിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ, റെയിൽവേ, പ്രതിരോധം, ഷിപ്പിംഗ്, കൽക്കരി, പരിസ്ഥിതി, നിയമകാര്യം, റവന്യു തുടങ്ങിയ വകുപ്പുകൾ പരിശോധിച്ച ശേഷമാണിത്.
ക്യാബിനറ്റ് അംഗീകരിച്ചശേഷം ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് പദ്ധതി.ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാൽ പിന്നെ ആ ഭൂമിയിൽ നിർമ്മാണമടക്കം വിലക്കും.
ഉയർന്ന നഷ്‌ടപരിഹാരം ലഭിക്കാൻ വിജ്ഞാപനത്തിന് ശേഷവും പലയിടങ്ങളിലും കെട്ടിടം നിർമ്മിക്കുന്നതും വ്യാപാരസ്ഥാപനങ്ങൾ തുടങ്ങുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത്.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നോട്ടീസ്, വിജ്ഞാപനം ഉൾപ്പെടെ പ്രസിദ്ധീകരിക്കാൻ പ്രത്യേക ഓൺലൈൻ പോർട്ടൽ നിർമിക്കും. ഭൂവുടമകൾക്ക് ഉൾപ്പെടെ പ്രയോജനകരമാകും. സുതാര്യത ഉറപ്പാക്കാനാണിത്.