കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ലക്ഷ്യമിട്ട വൻ ഭീകരവാദ ഗൂഢാലോചന കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തു.
സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ പരിശോധനയിൽ 24 കുവൈത്ത് പൗരന്മാരാണ് പിടിയിലായത്.
മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളുടെ പേരിൽ പണം ശേഖരിച്ചിരുന്ന രഹസ്യ സംഘമായിരുന്നുവത്.
വിദേശ നിർദ്ദേശങ്ങൾ അനുസരിച്ച് ഈ പണം നിയമവിരുദ്ധമായി കൈകാര്യം ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ശേഖരിച്ച പണം വെളുപ്പിച്ച് പിന്നീട് ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വിദേശത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പരിശോധനയിൽ വലിയ തോതിൽ പണവും ആസ്തികളും പിടിച്ചെടുത്തു.
ഈ സംഘവുമായി ബന്ധപ്പെട്ട് എട്ട് പേർ കൂടി ഒളിവിലുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പിടിയിലായവരിൽ പൗരത്വം റദ്ദാക്കപ്പെട്ട ഒരാളും ഉൾപ്പെടുന്നു.
പിടിയിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.
English Summary:
Kuwait authorities have foiled a major terror funding conspiracy, arresting 24 individuals who were part of a secret network involved in collecting and channeling money for extremist activities. The group allegedly raised funds under the guise of charitable and religious work and then illegally transferred the money abroad based on external instructions. During the operation, officials also seized large amounts of cash and assets, while a few more suspects linked to the network remain on the run as investigations continue.









