ലഹരിമരുന്ന് കടത്ത്: പ്രവാസികൾക്ക് ജീവപര്യന്തം, കുവൈത്തി ഡോക്ടർ ഉൾപ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്
കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തിനും വിൽപനയ്ക്കും എതിരെ ശക്തമായ നടപടികളുമായി കുവൈത്ത് ക്രിമിനൽ കോടതി.
വ്യത്യസ്ത കേസുകളിലായി പിടിയിലായ നിരവധി പ്രതികൾക്ക് കടുത്ത ശിക്ഷകളാണ് കോടതി വിധിച്ചത്.
ലഹരിമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ രഹസ്യ ഓപ്പറേഷനുകളിലൂടെയാണ് പ്രതികൾ പിടിയിലായത്.
പ്രവാസികൾക്ക് ജീവപര്യന്തം
രഹസ്യ ഏജന്റിന് ഹെറോയിൻ വിൽക്കാൻ ശ്രമിച്ച അഫ്ഗാൻ സ്വദേശിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു.
ഹെറോയിനും ഹാഷിഷുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശിയായ മയക്കുമരുന്ന് കച്ചവടക്കാരനും സമാന ശിക്ഷയാണ് ലഭിച്ചത്.
ഹവല്ലിയിൽ വൻതോതിൽ ലഹരിവസ്തുക്കളുമായി പിടിയിലായ മറ്റൊരു അഫ്ഗാൻ സ്വദേശിക്കും ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.
15 വർഷം തടവ്
സാൽമിയയിൽ വെച്ച് ഹാഷിഷുമായി പിടിയിലായ ഫിലിപ്പിനോ പൗരന് 15 വർഷം കഠിനതടവ് കുവൈത്ത് ക്രിമിനൽ കോടതി വിധിച്ചു.
ഡോക്ടർക്കും സർക്കാർ ഉദ്യോഗസ്ഥനും ശിക്ഷ
സർക്കാർ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു കുവൈത്തി സ്വദേശിക്കും ഒരു ഡോക്ടർക്കും 10 വർഷം വീതം തടവും 10,000 കുവൈത്തി ദിനാർ പിഴയും കോടതി വിധിച്ചു.
ഹാഷിഷ്, കൊക്കെയ്ൻ എന്നിവ ഉപയോഗിച്ചതിനും വിൽപന നടത്തിയതിനുമാണ് ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ആസൂത്രിത നീക്കത്തിലൂടെ അറസ്റ്റ്
സുറ, സിദ്ദീഖ് മേഖലകളിൽ ഡി.സി.ജി.ഡി (Drug Control General Department) ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിത പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
English Summary:
Kuwait’s criminal court has handed down severe sentences in multiple drug trafficking cases. Several expatriates received life imprisonment, while a Kuwaiti doctor and a government employee were sentenced to 10 years in prison and fined for drug possession and trafficking.









