കനത്ത മഴയിൽ ദുരിതക്കയമായി കുമളി; പലയിടത്തും മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞ് വീണ ചെളിയിൽ അകപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കുമളി (ഇടുക്കി)∙ ജില്ലയിൽ കഴിഞ്ഞ രാത്രിയിൽ പെയ്ത കനത്ത മഴ വലിയ ദുരന്തങ്ങൾക്ക് കാരണമായി.
മത്തൻകട ഭാഗത്ത് റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു. വെള്ളാരംകുന്ന് പറപ്പള്ളിൽ വീട്ടിൽ പി.എം. തോമസ് (തങ്കച്ചൻ – 66) ആണ് ദാരുണമായി മരിച്ചത്.
കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കനത്ത മഴ കാരണം റോഡിൽ കിടന്ന മണ്ണും കല്ലും കാണാതെ സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.
അപകടം ഉടൻ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല.
കുമളിയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി വീടുകളിൽ വെള്ളം കയറി. മൂവാറും കുമളിയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ മൂന്നാർ–കുമളി റോഡിൽ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിലച്ചു.
വൃത്തിയ്ക്ക് മുഖ്യം! ട്രെയിനിൽ ഇനി പുതപ്പുകൾക്ക് കവറുകൾ
നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കൂട്ടാർ, നെടുങ്കണ്ടം, തൂവൽ മേഖലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ഒരു വാൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
ഇടുക്കിയിലെ ശക്തമായ മഴ മൂലം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും വേഗത്തിൽ ഉയരുകയാണ്. വെറും 24 മണിക്കൂറിനുള്ളിൽ 5.75 അടിയാണ് ജലനിരപ്പ് വർധിച്ചത്.
നിലവിൽ ഡാമിൽ 138.90 അടി വെള്ളമുണ്ട്. തമിഴ്നാട് ദിവസേന 1400 ഘനയടി വെള്ളം കൊണ്ടുപോകുമ്പോൾ, 8705 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
ഹോളിഡേ ഹോമിനു സമീപം താമസിക്കുന്ന കണ്ണനും ഭാര്യ ഷീനയും മക്കളായ അനന്യയും അമയയുമാണ് മഴയുടെ തീവ്രത നേരിട്ട അനുഭവിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന കുടുംബം പുതപ്പിനടിയിൽ ഉറങ്ങിക്കിടക്കുമ്പോൾ പുറത്ത് മഴ ശക്തമായി പെയ്യുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം കട്ടിലിനരികിൽ വെള്ളത്തിന്റെ തണുപ്പ് അനുഭവപ്പെട്ടപ്പോൾ കണ്ണൻ കണ്ണുതുറന്നു നോക്കിയപ്പോൾ വീടിനകത്ത് കട്ടിലിനും വെള്ളത്തിനും ഒരേ ഉയരം. വെള്ളത്തിന്റെ തള്ളലിൽ കിടപ്പുമുറിയുടെ വാതിൽ അടഞ്ഞു പോയി.
ലൈറ്റ് ഓൺ ചെയ്തെങ്കിലും എന്തുചെയ്യണമെന്നറിയാതെ ഭയന്ന് നിൽക്കുമ്പോഴാണ് വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ മൂന്നു പാമ്പുകൾ തല ഉയർത്തിനിൽക്കുന്നത് കണ്ടത്.
കുട്ടികൾ കരഞ്ഞുകൊണ്ടിരിക്കെ കണ്ണൻ ധൈര്യം ചേർത്തെടുത്തു പൊലീസിനും അഗ്നിരക്ഷാസേനയ്ക്കും ഫോൺ ചെയ്തു സഹായം അഭ്യർഥിച്ചു.
കുമളി സിഐക്ക് വിവരം ലഭിക്കുമ്പോൾ അദ്ദേഹം പെരിയാർ കോളനിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന പൊതുപ്രവർത്തകൻ കെ.ജെ. ദേവസ്യയും മറ്റുള്ളവരും ചേർന്ന് സ്ഥലത്തെത്തി. വടം എറിഞ്ഞ് അതിന്റെ സഹായത്തോടെ ദേവസ്യയും സഹപ്രവർത്തകനും വെള്ളത്തിനകത്ത് കുടുങ്ങിയ കണ്ണൻ കുടുംബത്തിനരികിലെത്തി.
ആദ്യം കുട്ടികളെ ചുമലിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടർന്ന് കണ്ണനും ഭാര്യയും വടം പിടിച്ച് പുറത്ത് എത്തി. അടുത്തുള്ള വീടുകളിലും വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു.
നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിവന്നു. അടിയന്തര സഹായ പ്രവർത്തനങ്ങൾ പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്ന് തുടരുകയാണ്.
ജില്ലാ ഭരണകൂടം കനത്ത മഴ തുടരാനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുന്നിൻപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികാരികൾ ആവശ്യപ്പെട്ടു.









