പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും; സംഭവം കൊച്ചിയിൽ; വീഡിയൊ കാണാം
കൊച്ചി: യാത്രക്കിടെ അപസ്മാരമുണ്ടായ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും മാതൃകയായി.
തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലായിരുന്നു സംഭവം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ ദേശീയപാതയിൽ കുണ്ടന്നൂരിന് സമീപം എത്തിയപ്പോഴാണ് കുഞ്ഞിന് അപസ്മാരമുണ്ടായത്.
തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദമ്പതികളുടെ കുഞ്ഞിനാണ് പനി ശക്തമായതിനെ തുടർന്ന് അപസ്മാരം ഉണ്ടായത്.
കുഞ്ഞിന്റെ അവസ്ഥ കണ്ട് മാതാപിതാക്കൾ അതീവ പരിഭ്രാന്തരായതോടെ ബസിനുള്ളിലും ആശങ്ക പടർന്നു. കൂട്ടക്കരച്ചിലിലേക്കാണ് സാഹചര്യം മാറിയത്.
ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ സുനിൽ ഉടൻ ഇടപെട്ടു. സംഭവത്തിന്റെ ഗുരുതരം മനസിലാക്കിയ അദ്ദേഹം ഡ്രൈവർ പ്രേമനെ വിവരം അറിയിച്ചു.
കുണ്ടന്നൂർ പിന്നിട്ടിരുന്ന ബസ് ഉടൻ തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി കെ.എസ്.ആർ.ടി.സി ബസ് ആശുപത്രി പരിസരത്ത് എത്തിയതോടെ ജീവനക്കാർ ഓടിയെത്തി.
ബസ് ആശുപത്രി മുറ്റത്ത് നിർത്തിയതോടെ കുഞ്ഞിനെ കൈയിലെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംഘം ഉടൻ ചികിത്സ ആരംഭിച്ചു.
നിലവിൽ കുഞ്ഞിനെ പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ച് തുടർചികിത്സ നൽകുകയാണ്.
ബസിൽ വെച്ച് കുഞ്ഞ് ശക്തമായി കരഞ്ഞിരുന്നുവെന്നും, അപസ്മാരം വന്നതോടെ ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞ നിലയിലായിരുന്നുവെന്നും അച്ഛൻ പറഞ്ഞു.
ആ കാഴ്ച കണ്ടതോടെ തങ്ങൾ ഭയന്നുപോയെന്നും, ബസിലുണ്ടായിരുന്നവർ ഉടൻ സഹായത്തിനായി ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞിന്റെ അവസ്ഥ കണ്ടപ്പോൾ ഒരു നിമിഷം പോലും വൈകാതെ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കണ്ടക്ടർ സുനിൽ പറഞ്ഞു.
ഡ്രൈവർ പ്രേമൻ, കുണ്ടന്നൂർ പിന്നിട്ട ശേഷം വൈറ്റിലയിലേക്ക് പോകുന്ന വഴിയിൽ ഉടൻ യുടേൺ എടുത്ത് ഏറ്റവും അടുത്ത ആശുപത്രിയായ വി.പി.എസ് ലേക്‌ഷോറിലേക്ക് ബസ് തിരിച്ചതായും വ്യക്തമാക്കി.
English Summary
A timely intervention by a KSRTC bus driver and conductor saved the life of a 10-month-old baby who suffered a seizure during a journey. The Swift bus, travelling from Thiruvananthapuram to Palakkad, was immediately diverted to VPS Lakeshore Hospital in Kochi. The baby received prompt emergency care and is now under treatment in the pediatric department. The quick thinking and compassion of the KSRTC staff were widely appreciated.
ksrtc-staff-save-baby-seizure-vps-lakeshore-kochi
KSRTC, Baby Seizure, Timely Intervention, VPS Lakeshore Hospital, Kochi News, Public Transport Heroes, Emergency Care









