തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ജീവനക്കാർ മദ്യാപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രത്തലൈസർ പരിശോധന തുടരും.
പരിശോധന നടത്തിയപ്പോൾ കെ.എസ്.ആർ.ടി.സി പാലോട് ഡിപ്പോയിലെ ഡ്രൈവർ മദ്യപിച്ചുവെന്ന തെറ്റായ ഫലം വന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ പറഞ്ഞു.
ജീവനക്കാരുടെ മദ്യപാനം തടയുന്നതിനായി പരിശോധന കർശനമാക്കിയതോടെ വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞിട്ടുണ്ട്.
മെഷീന് തകരാർ വരാം. അതു കൊണ്ട് മദ്യപിച്ചിട്ടില്ലെന്ന് ജീവനക്കാർ തീർത്തു പറഞ്ഞാൽ വീണ്ടും പരിശോധിക്കാൻ സി.എം.ഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാലോട് ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തിയ പച്ചമല സ്വദേശി ജയപ്രകാശിനെ (52) ബ്രത്തലൈസർ കൊണ്ട് പരിശോധിച്ചപ്പോൾ മദ്യപിച്ചെന്നു കണ്ടെത്തി മാറ്റി നിറുത്തിയിരുന്നു.
താൻ മദ്യപിക്കാറില്ലെന്ന് പറഞ്ഞിട്ടും സ്റ്റേഷൻ മാസ്റ്റർ അതിനുവഴങ്ങിയില്ല. പിന്നീട് നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടെന്ന് കണ്ടെത്തിയിരുന്നു.