മേയര്‍ ആര്യ രാജേന്ദ്രനും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ ദുരൂഹത തുടരുന്നു. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദു മാധ്യമങ്ങളോട് പ്രതികരിച്ചത്. അങ്ങനെയെങ്കിൽ മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ് .
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. തമ്പാനൂർ ഡിപ്പോയിൽ എത്തിയാണ് പൊലീസ് പരിശോധന നടത്തിയത്.
തർക്കം ഉണ്ടായ ബസ്സിൽ ഉണ്ടായിരുന്നത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല എന്നത് പ്രതികൂലമായി ബാധിക്കും.
ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറിൻ്റെ ആരോപണങ്ങളടക്കം തെളിയിക്കപ്പെടണമെങ്കിൽ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, മെമ്മറി കാർഡ് ഇല്ലാത്തതിനാൽ ഇതിൽ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്ആർടിസിയോട് പൊലീസ് വിശദീകരണം തേടും. കൂടാതെ ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
Read More: കടലക്കറിയിൽ വിഷം ചേർത്ത് അച്ഛനെ കൊന്ന ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ