രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടക്കുന്നതിനിടെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്. പെരുമ്പാവൂരിൽ യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയിനോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ 8 30 ഓടെയാണ് സംഭവം. നാല്പതോളം രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് നടത്തുന്നതിനിടെ ലൈൻമാൻ എത്തി ഫീസ് ഊരുകയായിരുന്നു. ഇൻവെർട്ടർ സംവിധാനം ഉണ്ടായിരുന്നുവെങ്കിലും അല്പസമയം മാത്രമേ അത് ഉപയോഗിച്ച് ഡയാലിസിസ് ചെയ്യാൻ കഴിഞ്ഞുള്ളൂ. ഡയാലിസിസ് മുടങ്ങിയതോടെ ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും കെഎസ്ഇബി ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും ബിൽ തുക അടയ്ക്കാതെ ഒരു കാരണവശാലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്നായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്. വെങ്ങോല പഞ്ചായത്ത് പ്രസിഡണ്ട്, എംഎൽഎയുടെ ഓഫീസ് ഉൾപ്പെടെ വിളിച്ചു പറഞ്ഞിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കൽ വാർഡ് മെമ്പർ പി പി എൽദോസ് എന്നിവർ നേരിട്ട് എത്തി നാട്ടുകാരെ സംഘടിപ്പിച്ച് വെങ്ങോല കെഎസ്ഇബി ഓഫീസിൽ ഉപരോധം തീർത്തതിന് തുടർന്നാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
മുപ്പതിനായിരം രൂപയോളം ആണ് ആശുപത്രിയിലെ വൈദ്യുതിബിൽ. മെയ് ഒന്നാം തീയതി ചെക്കുമായി കൊയിറോണയിലെ ജീവനക്കാരൻ വൈദ്യുതി ഓഫീസിൽ എത്തിയെങ്കിലും അവധിയായതിനാൽ പിറ്റേദിവസം എത്താൻ പറഞ്ഞ മടക്കുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ പിറ്റേന്ന് ഓഫീസ് തുറക്കുന്നതിന് മുൻപേ ലൈൻ എത്തി ഫീസ് ഊരുകയായിരുന്നു എന്നാണ് ആക്ഷേപം. സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.