നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം Just Married സ്റ്റിക്കർ; വിവാഹ സംഘം കുടുങ്ങിയത് ഇങ്ങനെ..
കോഴിക്കോട് ∙ വിവാഹാഘോഷത്തിന്റെ പേരിൽ നിയമം ലംഘിച്ച് വാഹനയാത്ര. നമ്പർ പ്ലേറ്റ് മറച്ച് അപകടകരമായി കാറോടിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. സംഭവം കോഴിക്കോട് പുറമേരി കുനിങ്ങാട് റോഡിൽ.
രണ്ട് കാറുകൾ ‘Just Married’ സ്റ്റിക്കർ പതിപ്പിച്ച് നമ്പർ പ്ലേറ്റ് മറച്ചായിരുന്നു യാത്ര. ഇവയിൽ ഒരു കാർ അപകടകരമായി ഓടിക്കുമ്പോൾ ബൈക്കിൽ തട്ടി. നാട്ടുകാർ ഇടപെട്ടതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്.
വരനും വധുവും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ നാല് കാറുകളിലായി സുഹൃത്തുക്കൾ സഞ്ചരിക്കുകയായിരുന്നു. അപകടകരമായി സഞ്ചരിച്ച കാറുകളിൽ ഒന്നു ബൈക്കിൽ ഇടിച്ചതോടെ വാക്കേറ്റം ഉണ്ടായി. ഈ സമയത്ത് നമ്പർ പ്ലേറ്റ് മറച്ചതും സ്റ്റിക്കർ പതിപ്പിച്ചതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു.
സംഭവം ചിത്രീകരിച്ച നാട്ടുകാർക്ക് നേരെ വിവാഹസംഘാംഗങ്ങൾ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസ് എത്തി നാല് കാറുകളും കസ്റ്റഡിയിലെടുത്തു.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രധാന കാര്യങ്ങൾ
‘Just Married’ സ്റ്റിക്കർ പതിപ്പിച്ച് നമ്പർ പ്ലേറ്റ് മറച്ച് യാത്ര.
അപകടകരമായി കാറോടിച്ച് ബൈക്കിൽ ഇടിച്ചു.
നാട്ടുകാർ ഇടപെട്ടപ്പോൾ വാക്കേറ്റം, അശ്ലീല ആംഗ്യം.
നാല് കാറുകൾ പൊലീസ് കസ്റ്റഡിയിൽ.
അപകടകരമായ ഡ്രൈവിംഗിന് അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസ്.
English Summary :
In Kozhikode, a wedding convoy covered number plates with ‘Just Married’ stickers and drove dangerously, hitting a bike. Police seized four cars and registered a case under multiple charges.