കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് പേരാമ്പ്ര സ്വദേശിയായ യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് മരിച്ചത്.(Kozhikode medical college patient death; Human Rights Commission has ordered an inquiry)
നാവിന് തരിപ്പും രണ്ട് കാലിന് വേദനയുമായി എത്തിയ യുവതിയ്ക്ക് കൃത്യമായി രോഗ നിര്‍ണയം നടത്താതെ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്ന് ഭർത്താവ് ഗിരീഷ് ആരോപിച്ചിരുന്നു. ന്യൂറോ വിഭാഗത്തില്‍ ചികിത്സ തേടിയ രജനിക്ക് മനോരോഗ ചികിത്സയാണ് നൽകിയതെന്നും കാണിച്ച് ഭര്‍ത്താവ് ഗിരീഷ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
നവംബര്‍ നാലിന് വൈകീട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ എത്തിയ രജനിയ്ക്ക് മരുന്നുകള്‍ നല്‍കി തിരിച്ചയച്ചു. അന്ന് രാത്രി രോഗം കൂടിയ രജനിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം.