സമാധാനപൂർണ്ണമായ ജീവിതം സ്വപ്നം കണ്ട് കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് യുകെയില്‍ എത്തിയിട്ട് വെറും ആറുമാസം മാത്രമേ ആയിട്ടുള്ളൂ. അതിനിടയിൽ മരണം അപ്രതീക്ഷിതമായി എത്തിയപ്പോൾ അത് യുകെയിലെ മലയാളികൾക്കാകെ നൊമ്പരമായി.
ഇന്നലെ പുലര്‍ച്ചെ ഭാര്യ നല്‍കിയ കാപ്പി കട്ടിലില്‍ ഇരുന്നു തന്നെ കുടിച്ചു പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെയാണ് മരണം അനീഷിനെ തേടിയെത്തിയത്.
കാപ്പി നല്‍കിയ ശേഷം മുറിയിൽ നിന്ന് പോയ ഭാര്യ ദിവ്യ പിന്നീട് കാണുന്നത് കട്ടിലിൽ കാപ്പിക്കപ്പുമായി ചാരി അനക്കമറ്റ നിലയില്‍ ഇരിക്കുന്ന അനീഷിനെയാണ് എന്നാണ് സൂചന.
അനീഷിനെ അനക്കമില്ലാതെ കണ്ടതോടെ ലീഡ്‌സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ ദിവ്യ സിപിആര്‍ നല്‍കി അനീഷിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തി. ഇതിനിടയിൽ തന്നെ ഹോസ്പിറ്റലില്‍ വിളിച്ചു സഹായ അഭ്യര്‍ത്ഥനയും നടത്തി.
വിവരമറിഞ്ഞു പാഞ്ഞെത്തിയ ആംബുലന്‍സിലെ പാരാമെഡിക്‌സ് ജീവനക്കാർ ഏകദേശം 45 മിനിറ്റ് നേരം കിണഞ്ഞു പരിശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.
വീട്ടില്‍ വച്ച് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തിയ മരണത്തിനു മുന്‍പില്‍ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന അനീഷിന്റെ ഭാര്യയ്ക്കും പത്തു വയസില്‍ താഴെ മാത്രമുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളെയും എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് ലീഡ്‌സിലെ മലയാളികൾ.
ലീഡ്സിലെ മലയാളികളെ ഒന്ന് പരിചയപെടുവാന്‍ പോലും സമയം ലഭിക്കും മുന്‍പാണ് അനീഷിനെ മരണം തട്ടിയെടുത്തിരിക്കുന്നത്.
നാല്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ രണ്ടു മാസം കൂടിഅവശേഷിക്കെയാണ് അനീഷിനെ അതിനൊന്നും അനുവദിക്കാതെ എത്തിയ മരണം കൂട്ടികൊണ്ടുപോയത്.
ഹൃദയാഘാതം മൂലം സംഭവിച്ചതാണ് എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. എന്നാൽ ശാരീരികമായ ഒരു അസുഖവും അനീഷിന് ഉണ്ടായിരുന്നില്ല എന്നാണ് ഭാര്യ പങ്കുവയ്ക്കുന്ന വിവരം.
മുന്‍പ് ഓക്‌സ്‌ഫോര്‍ഡില്‍ താമസിച്ചിരുന്ന അനീഷിന്റെ ഭാര്യ ലീഡ്സില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ട് താമസം മാറുന്നത്. തുടര്‍ന്നാണ് അനീഷും കുട്ടികളും യുകെയിലേക്ക് എത്തുന്നത്.
പോലീസ് എത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ഹോസ്പിറ്റലിലേക്ക് നീക്കിയിരിക്കുകയാണ്.
അനീഷിന്റെ ആക്‌സ്മിക നിര്യാണത്തിൽ ന്യൂസ് 4 മീഡിയ അഗാധ ദുഃഖം രേഖപ്പെടുത്തുകയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.