കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ ബന്ധുവായ പെൺസുഹൃത്ത് കുറ്റം സമ്മതിച്ചതായി സൂചന. മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. പെൺസുഹൃത്ത് വിഷം നൽകിയെന്ന് അൻസിൽ ബന്ധുക്കളോട് പറഞ്ഞിരുന്നു.
പെൺസുഹൃത്ത് കസ്റ്റഡിയിൽ
ചേലാട് സ്വദേശിനിയായ മുപ്പതുകാരി പെൺസുഹൃത്താണ് ഇപ്പോൾ കോതമംഗലം പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇരുവരും ബന്ധുക്കളായിരുന്നുവെന്നും, ഏറെക്കാലമായി തമ്മിൽ അടുപ്പമുള്ള ബന്ധത്തിലായിരുന്നുവെന്നും വിവരമുണ്ട്. യുവതി വധശ്രമക്കുറ്റത്തിന് കേസിൽ പ്രതിയാക്കിയിട്ടുണ്ട്.
“അവളെന്നെ ചതിച്ചു” – മരിക്കുന്നതിന് മുമ്പ് അൻസിലിന്റെ വെളിപ്പെടുത്തൽ
മരണത്തിന് മുമ്പ്, അൻസിൽ ബന്ധുവിനോട് “അവളെന്നെ ചതിച്ചു” എന്ന് പറഞ്ഞതായാണ് വിവരം. 29-ാം തീയതിക്ക് യുവതിയുടെ വീട്ടിലെത്തിയ അൻസിൽ, അവിടെ ബഹളമുണ്ടാക്കിയെന്നും, 30-ാം തീയതി പുലർച്ചെ വിഷം ഉള്ളിൽ ചെന്നെന്ന് മനസിലാക്കി ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പെൺസുഹൃത്ത് വിഷം നൽകി എന്ന് അൻസിൽ വെളിപ്പെടുത്തിയത്.
യുവതിക്ക് നേരത്തേ മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. അയാളെ ഈ യുവതി തന്നെ കള്ളക്കേസിൽ കുടുക്കിയതായും സ്ഥിരീകരിക്കാത്ത വിവവരമുണ്ട്. ഇയാൾ ജയിലിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയിരുന്നു. ഇയാളുമായുള്ള ബന്ധം അൻസിൽ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
അതേസമയം പെൺസുഹൃത്തുമായി അൻസിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്ന് ബന്ധു മുജീബ് മാധ്യമങ്ങളോടു പറഞ്ഞു. അഞ്ഞൂറ് മില്ലിയോളം വിഷം ഉള്ളിൽചെന്നെന്നാണ് അൻസൽ ആംബുലൻസിൽവെച്ച് സഹോദരനോട് പറഞ്ഞത്. എന്നാൽ, എന്തിൽ കലർത്തിയാണ് വിഷം നൽകിയതെന്ന് അൻസിൽ പറഞ്ഞില്ലെന്നും മുജീബ് പറഞ്ഞു.
അൻസിലിന്റെ ഉമ്മയെ വിളിച്ച് മകനെ വിഷംകൊടുത്തു കൊല്ലുമെന്ന് യുവതി പറഞ്ഞെന്ന് മറ്റൊരു ബന്ധു പറഞ്ഞു. അൻസിൽ വിളിച്ചതിനെ തുടർന്നാണ് പോലീസ് വിവരം അറിയുന്നത്. മകൻ വിഷംകഴിച്ച് കിടപ്പുണ്ട്, എടുത്തുകൊണ്ട് പൊയ്‌ക്കോളൂ എന്ന് അൻസിലിന്റെ ഉമ്മയെയും മകനെയും വിളിച്ച് യുവതി പറഞ്ഞു. യുവതിയും അൻസിലും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. മുൻപ് ഇരുവരും തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടാവുകയും കേസ് കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് അത് പരിഹരിക്കപ്പെട്ടിട്ടുണ്ട്, ബന്ധു കൂട്ടിച്ചേർത്തു.
കീടനാശിനി ഉപയോഗിച്ചതായി സംശയം
അൻസിലിന്റെ ശരീരത്തിൽ കീടനാശിനിയുടെ സാന്നിധ്യം പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇവർ ഉപയോഗിച്ചെന്ന് കരുതുന്ന വിഷവസ്തുവിന്റെ കുപ്പിയും പൊലീസിന് ലഭിച്ചതായാണ് സൂചന.
അൻസിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അവരിൽ നിന്ന് പരസ്പര വിരുദ്ധമായ മൊഴികൾ ലഭിച്ചതോടെ പോലീസ് നടപടി ശക്തമാക്കി.
അൻസിലിന്റെ പശ്ചാത്തലം
അൻസിൽ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. ക്രിമിനൽ പശ്ചാത്തലം ഉള്ളതായും വിവരമുണ്ട്. യുവതിയുമായി തുടർച്ചയായ ബന്ധത്തിനിടയിൽ പലതവണ പിണക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ പരിഹരിച്ചിരുന്നുവെന്നാണ് വിവരം.
എന്നാൽ, അൻസിലിൽ നിന്ന് അനുഭവിച്ച ചില ദുരിതങ്ങൾക്കൊടുവിലാണ് യുവതിയുടെ പ്രതികരണം എന്നാണു സൂചന.കളമശ്ശേരി മെഡിക്കൽ കോളേജിൽ അൻസിലിന്റെ പോസ്റ്റ്മോർട്ടം നടക്കും. തുടർന്നാണ് മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർന്നുള്ള നിയമനടപടികൾ തീരുമാനിക്കപ്പെടുക.
ചേലാട്ടെ യുവതിയുമായി കാലങ്ങളായി ബന്ധമുള്ള അൻസിൽ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് ഇവരുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു. 29-ാം തീയതിയാണ് അൻസിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തുന്നത്.
30-ാം തീയതി പുലർച്ചെ നാലരയോടെയാണ് തന്റെയുള്ളിൽ വിഷം ചെന്നെന്ന കാര്യം അൻസിൽ തിരിച്ചറിയുന്നതും തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയതും. ആശുപത്രിയിലേക്ക് പോകുന്നവഴിയാണ്, പെൺസുഹൃത്ത് തനിക്ക് വിഷം തന്നതെന്ന് ഇയാൾ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞത്. കീടനാശിനി പോലുള്ളതെന്തോ ആണ് അൻസിലിന്റെ ഉള്ളിൽചെന്നിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
English Summary:
A 38-year-old man named Ansil from Kothamangalam died after allegedly consuming poison. Sources suggest his woman relative confessed to the crime. The incident occurred while the victim was under treatment at a private hospital in Kochi.