തിരുവനന്തപുരം: വ്യാജ ആരോപണം ഉന്നയിച്ചെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ പൊലീസ് കേസ്. മതസംഘടനകൾക്കു പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപിച്ച സംഭത്തിലാണ് പോലീസ് നടപടി.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ശശി തരൂരിനു താക്കീത് നൽകിയതിനു പിന്നാലെയാണ് പോലീസ് കേസ്. ആരോപണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖറിന് എതിരെ തെളിവു സമർപ്പിക്കാൻ തരൂരിനായില്ലെന്നും കമ്മിഷൻ വിലയിരുത്തിയിരുന്നു. പരാമർശങ്ങൾ രാജീവ് ചന്ദ്രശേഖറിനെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ല എന്ന തരൂരിന്റെ വാദം തള്ളി. തരൂരിന്റെ ആരോപണം മത, ജാതി വികാരം ഉണർത്തുന്നതാണെന്ന ബിജെപിയുടെ വാദവും തിരഞ്ഞെടുപ്പ് കമ്മിഷൻ നിരാകരിച്ചു.