ആരാധരുടെ മനംകവർന്ന കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വിടവാങ്ങി
സോൾ: ദക്ഷിണ കൊറിയൻ സൗന്ദര്യ ലോകത്ത് വലിയ ആരാധകവലയമുള്ള ബ്യൂട്ടി ഇൻഫ്ലുവൻസർ ലീ ഡാ-സോൾ (29) അന്തരിച്ചു.
സമൂഹമാധ്യമങ്ങളിൽ ‘ഡാഡോവ ഓൺലൈൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ലീയുടെ മരണം ഡിസംബർ 16നാണ് സംഭവിച്ചത്.
ക്രിസ്മസ് ദിനത്തിൽ ലീയുടെ ഏജൻസിയായ ലെഫെറി ബ്യൂട്ടി എന്റർടെയ്ൻമെന്റ് ആണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരണകാരണം കുടുംബവും ഏജൻസിയും വെളിപ്പെടുത്തിയിട്ടില്ല.
ലീയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തി. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ അനുശോചന സന്ദേശങ്ങൾ പങ്കുവച്ചു.
“സ്വർഗ്ഗത്തിൽ സമാധാനത്തോടെ വിശ്രമിക്കട്ടെ, ഇനി അവൾക്ക് ഒരു വേദനയും ഉണ്ടാകരുത്” എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് കൂടുതലും ആരാധകർ കുറിച്ചത്.
സൗന്ദര്യത്തിനൊപ്പം ആത്മവിശ്വാസവും കഠിനാധ്വാനവും പ്രതിനിധീകരിച്ച വ്യക്തിത്വമായിരുന്നു ലീ ഡാ-സോൾ എന്നാണ് പലരും ഓർമപ്പെടുത്തുന്നത്.
2014ലാണ് ലീ യൂട്യൂബിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ശ്രദ്ധ നേടുന്നത്. ഫാഷൻ, മേക്കപ്പ്, ഡയറ്റിങ് ടിപ്പുകൾ, ദൈനംദിന ജീവിത ശൈലി എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിഡിയോകൾ വളരെ വേഗം ജനപ്രീതി നേടി.
കൊറിയൻ സൗന്ദര്യ സംസ്കാരത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച പ്രമുഖ ഇൻഫ്ലുവൻസർമാരിൽ ഒരാളായി ലീ മാറി. നിലവിൽ ലീയുടെ യൂട്യൂബ് ചാനലിന് 1.2 ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ട്.
ചൈനയിലെ ഏറ്റവും വലിയ വിഡിയോ പ്ലാറ്റ്ഫോമായ യൂകുവുമായി പ്രത്യേക കരാർ ഒപ്പിട്ടതോടെ ലീയുടെ ജനപ്രീതി അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിച്ചു.
2016 ജനുവരിയിൽ ചൈനയിലെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോ ഡാഡാവോ, ലീയെ ‘ചൈനീസ് ടോപ്പ് ബ്യൂട്ടി ക്രിയേറ്റർ 2015’ ആയി തെരഞ്ഞെടുത്തതും വലിയ അംഗീകാരമായി.
അതോടൊപ്പം, കൊറിയൻ സൗന്ദര്യവർധക വസ്തുക്കളുടെ നേരിട്ടുള്ള കയറ്റുമതിയുടെ ഭാഗമായി, ചൈനീസ് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ താവോബാവോയിൽ ‘കെ-ബ്യൂട്ടി സെലക്ട് സ്റ്റോർ’ ആരംഭിച്ച ആദ്യത്തെ കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസറെന്ന നേട്ടവും ലീ സ്വന്തമാക്കി.
2016ന്റെ അവസാനത്തോടെ ലീ ആദ്യമായി സമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേള എടുത്തു. എന്നാൽ ആ സമയത്തും സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ കുറവുണ്ടായില്ല; മറിച്ച് വർധനയാണുണ്ടായത്.
ബ്യൂട്ടി ബ്ലോഗറെന്ന നിലയിലെ തിരക്കേറിയ ജീവിതം കാരണം പാതിവഴിയിൽ നിർത്തിവച്ച പഠനം വീണ്ടും ആരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ലീയുടെ മരണം സംഭവിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ലീ ഡാ-സോളിന്റെ വിയോഗം ദക്ഷിണ കൊറിയൻ ഡിജിറ്റൽ ബ്യൂട്ടി ലോകത്തിന് തീരാനഷ്ടമായി വിലയിരുത്തപ്പെടുന്നു.









