കൊല്ലം: കൊല്ലം- എറണാകുളം മെമു കോച്ചുകളുടെ എണ്ണം റെയിൽവേ വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ൽ നിന്നും 8 ആയാണ് വെട്ടികുറച്ചത്. ഇതോടെ യാത്രക്കാർ വീണ്ടും ദുരിതത്തിലായി.(Kollam- Ernakulam MEMU Coaches reduced by Railways)
തിരുവനന്തപുരം എറണാകുളം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്നാണ് മെമു സർവീസ് ആരംഭിച്ചത്. എന്നാൽ മറ്റ് സർവീസുകൾക്ക് ആവശ്യമായ കോച്ചുകൾ ഇല്ലെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. എറണാകുളം ജംഗ്ഷനിൽ (സൗത്ത്) നിന്നു വൈകിട്ട് 6.15ന് പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണു കഴിഞ്ഞ കുറച്ചു ദിവസമായി കുറച്ചത്.
12 കോച്ചുകളുടെ മെമുവിനു പകരം 4 ദിവസമായി 8 കോച്ചുകളുള്ള മെമുവാണു സർവീസ് നടത്തുന്നതെന്ന് യാത്രക്കാർ പറയുന്നു. എറണാകുളത്തു ജോലി ചെയ്തു കോട്ടയം ഭാഗത്തേക്കു മടങ്ങുന്നവർ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനാണ് ഇത്. പഴയ പോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. കൂടാതെ അടുത്തായി അനുവദിച്ച കൊല്ലം– എറണാകുളം- മെമു വൈകിട്ടു കൂടി സർവീസ് നടത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.