കടയ്ക്കൽ: കൊല്ലത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് മർദിച്ച ശേഷം പണവും ബുള്ളറ്റ് ബൈക്കും കവർന്ന കേസിൽ ഒരാൾ പിടിയിൽ. കടയ്ക്കലിൽ ഭാര്യയും ഭർത്താവും ചേർന്നാണ് കവർച്ച നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം നേമം ചാനൽകര സ്വദേശിയായ ഗിരി (35) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ അജിത ഒളിവിലാണ്. അജിതയ്ക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെ യുവാവിനെ സൗഹൃദത്തിലാക്കി ദമ്പതികൾ കവർച്ച നടത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗിരിയെന്ന് പൊലീസ് അറിയിച്ചു.
അജിതയുടെ അകന്ന ബന്ധുവായ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി മനോജിനെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോൺ വഴിയും സമീപിച്ച് വലയിൽ കുടുക്കിയത്. തുടർന്ന് അജിത മനോജിനോട് 5000 രൂപ കടം ആവശ്യപ്പെട്ടു.
കടം നൽകാനായി കഴിഞ്ഞ ഒക്ടോബർ 21-ന് അജിതയും ഭർത്താവും താമസിക്കുന്ന കടയ്ക്കൽ ആനപ്പാറയിലെ വീട്ടിലേക്ക് മനോജിനെ രാത്രിയിൽ വിളിച്ചുവരുത്തി.
ഏറ്റുമാനൂരിൽ നിന്ന് ബൈക്കിലെത്തിയ മനോജിനെ ഭാര്യയും ഭർത്താവും ചേർന്ന് മുറിയിൽ പൂട്ടിയിട്ട് കൈകൾ കെട്ടി മർദിച്ചു. പിന്നീട് പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കൈക്കലാക്കുകയും, ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ബൈക്ക് കവർന്നെടുക്കുകയും ചെയ്തു.
വീട്ടിൽ നിന്ന് രക്ഷപ്പെട്ട മനോജ് കടയ്ക്കൽ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞതോടെ പ്രതികൾ ഒളിവിൽ പോയി.
പിന്നീട് തിരുവനന്തപുരം നേമത്ത് വാടകവീട്ടിൽ ഒളിച്ചുതാമസിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കടയ്ക്കൽ എസ്.എച്ച്.ഒ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ വളഞ്ഞ് ഗിരിയെ പിടികൂടുകയായിരുന്നു.
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗിരിയെ ഏറെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. കവർന്ന ബുള്ളറ്റ് ബൈക്ക് തിരുവനന്തപുരം വെള്ളായണി ഭാഗത്തുനിന്ന് കണ്ടെത്തി.
തീകൊളുത്തൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം ഉൾപ്പെടെ എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗിരി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭാര്യ അജിതയ്ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary
A man has been arrested in Kollam for abducting, tying up, and assaulting a youth before robbing him of cash and a Bullet motorcycle.
kollam-couple-robbery-youth-tied-assaulted-giri-arrested
Kollam Crime, Kadakkal Robbery, Social Media Trap, Couple Arrested, Kerala Police, Bullet Bike Robbery, Criminal Case









