ഭൂഗർഭപാത കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഡിപിആർ തയ്യാറാക്കാൻ പഠനം തുടങ്ങി
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വഴി അങ്കമാലിയിലേക്ക് നീളുന്ന മൂന്നാംഘട്ടത്തിനായുള്ള വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) തയ്യാറാക്കാൻ പഠനം ആരംഭിച്ചു.
ഹരിയാന ആസ്ഥാനമായ സിസ്ട്ര എംവിഎ കൺസൾട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി ഡിപിആർ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചെലവഴിക്കാനാണ് പദ്ധതിയിടുന്നത്, കൂടാതെ ആറുമാസത്തിനുള്ളിൽ അന്തിമരേഖ സമർപ്പിക്കണമെന്ന നിർദ്ദേശവുമുണ്ട്.
പുതുമ നിറഞ്ഞ പദ്ധതി
നിലവിലെ മെട്രോ ഘടനയിൽ നിന്ന് വ്യത്യസ്തമായി, മൂന്നാംഘട്ടത്തിൽ ഭൂഗർഭ പാതകളും ഉൾപ്പെടുന്ന രീതിയിൽ നിർമ്മാണം ആസൂത്രണം ചെയ്യുകയാണ്. 17.5 കിലോമീറ്റർ ദൂരത്തിൽ വ്യാപിക്കുന്ന പുതിയ മെട്രോ പാതയിൽ, യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, സർവേകൾ, എൻജിനിയറിങ് പഠനങ്ങൾ എന്നിവ നടക്കും.
കേന്ദ്ര-സംസ്ഥാന സഹായം
ഡിപിആർ പഠനത്തിനുള്ള ചെലവ് കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയത്തിന്റെ സെൻട്രൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് സ്‌കീമിൽ നിന്നായിരിക്കും. ഇതിനകം തന്നെ കേന്ദ്രവും സംസ്ഥാനവും അനുമതി നൽകിയിട്ടുണ്ട്.
“ഡിപിആർ പഠനം ആരംഭിച്ചിരിക്കുകയാണ്. ഈ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു. contact@kmrl.co.in
എന്ന ഇമെയിൽ വഴി അവ സമർപ്പിക്കാവുന്നതാണ്,” എന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
നെടുമ്പാശ്ശേരിയിലേക്ക് മെട്രോ എത്തുന്നതോടെ എയർപോർട്ടിലേക്കും എയർപോർട്ടിൽ നിന്നുമുള്ള യാത്രക്കാർക്ക് യാത്രാ സമയത്തിൽ വലിയ കുറവ് വരും. റോഡിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് വേഗതയേറിയ, സുരക്ഷിതമായ യാത്ര ലഭ്യമാകും.
നെടുമ്പാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മെട്രോയുടെ ഡിപിആർ തയ്യാറാക്കുന്നത്. അതിനാൽ, എയർപോർട്ട് മേഖലയിൽ മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ഹബ് രൂപപ്പെടാൻ സാധ്യതയുണ്ട്.
കൊച്ചി മെട്രോ മൂന്നാംഘട്ട പദ്ധതി പൂർത്തിയാകുമ്പോൾ, കേരളത്തിന്റെ ഗതാഗത ചരിത്രത്തിൽ വലിയൊരു ചുവട് വെപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എയർപോർട്ട് വഴി അങ്കമാലി വരെ മെട്രോ നീളുന്നത് നഗരവികസനത്തിനും ടൂറിസത്തിനും തൊഴിൽ സാധ്യതകൾക്കും ഗണ്യമായ വളർച്ച നൽകും.
അഞ്ച് കിലോമീറ്റർ നീളം; നെടുമ്പാശേരിയിലേക്ക് ഭൂഗർഭപാത; പദ്ധതിയുമായി കൊച്ചി മെട്രോ;യാഥാർത്ഥ്യമായാൽ കൊച്ചി വേറെ ലെവലാകും
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭൂഗർഭപാത പദ്ധതിയുമായി കൊച്ചി മെട്രോ. മൂന്നാം ഘട്ടത്തിൽ ഈ പാത പൂർത്തിയാക്കാനുള്ള ആലോചനയുമായി കൊച്ചി മെട്രോ മുന്നോട്ട് പോന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കും പാതയൊരുക്കാനാണ് ആലോചന. ഇതിനായി കൊച്ചി മെട്രോ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പിന്തുണ തേടി കത്ത് നൽകി.
വിമാനത്താവളത്തിന്റെ ഭാഗത്തേക്ക് എത്തുമ്പോൾ മെട്രോയ്ക്ക് അണ്ടർഗ്രൗണ്ട് പാതയാണ് പരിഗണനയിലുള്ളത്. അഞ്ചു കിലോമീറ്ററാണ് നിലവിൽ ഈ പാതയ്ക്ക് നീളം പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ ചർച്ചകൾ.
ആലുവയിൽനിന്ന് തുടങ്ങി അത്താണി കഴിഞ്ഞ് കരിയാട് ജങ്ഷനിൽനിന്ന് മെട്രോപ്പാത എയർപോർട്ട് ഭാഗത്തേക്ക് തിരിയും. എയർപോർട്ട് പരിസരത്ത് മാത്രം ഭൂമിക്കടിയിലൂടെ കടന്നുപോകും. പിന്നീട് വീണ്ടും ദേശീയപാതയിലേക്ക് കടന്ന് അങ്കമാലിയിലേക്ക് എന്നതാണ് ഇപ്പോൾ പരിഗണനയിലുള്ള പദ്ധതി.
എയർപോർട്ട് ഭാഗത്ത് ഒഴികെ മറ്റിടങ്ങളിലെല്ലാം മുകളിലൂടെയായിരിക്കും പാത. വിശദമായ പഠനത്തിനുശേഷമേ ഇതെല്ലാം അന്തിമമാക്കൂ എന്നും അധികൃതർ പറഞ്ഞു. ആലുവയിൽനിന്ന് എയർപോർട്ട് വഴി അങ്കമാലിയിലേക്കുള്ള പുതിയ റൂട്ടിന് 19 കിലോമീറ്റർ നീളമാണ് കണക്കാക്കുന്നത്
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൻ്റെ രൂപരേഖ പൂർത്തിയായിരുന്നുവെങ്കിലും മാറ്റങ്ങൾ ആവശ്യമായതിനാലാണ് പുതിയ രൂപ രേഖ തയാറാക്കുന്നത്.
പുതിയ റൂട്ട് പ്രകാരമുള്ള പദ്ധതിക്കായി 8,000 കോടി രൂപയോളമാണ് ചെലവായി കണക്കാക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തേക്ക് പാത എത്തുമ്പോൾ ഇവിടെ ഭൂഗർഭപാതയാണ് നിർദേശിച്ചിരിക്കുന്നത്.
ആലുവയിൽ നിന്ന് വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള പുതിയ പാതയ്ക്ക് 19 കിലോമീറ്റർ ദൈർഘ്യമാണ് നിലവിൽ കണക്കാകുന്നത്.
ആലുവയെ അങ്കമാലിയുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന മൂന്നാം ഘട്ട വിപുലീകരണത്തിൻ്റെ ഭാഗമാണ് ഈ സംരംഭം. ആസൂത്രണം ചെയ്ത ഭൂഗർഭ സ്റ്റേഷൻ ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈൻ, ഡൽഹിയിൽ നിന്ന് യശോഭൂമി ദ്വാരക സെക്ടർ-25 വരെയുള്ള ഓറഞ്ച് ലൈൻ എന്നീ ലൈനുകൾക്ക് സമാനമായി ഭൂഗർഭപാത ഒരുക്കാനാണ് ആലോചന.
അഞ്ച് കിലോമീറ്റർ ദൈർഘ്യത്തിലാണ് വിമാനത്താവളത്തിലേക്കുള്ള ഭൂഗർഭപാത. പാതയുടെ ദൈർഘ്യം, കടന്നുപോകുന്ന പ്രദേശം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി അധികൃതർ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.
ഭൂഗർഭപാതയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നെങ്കിലും തുടർ ചർച്ചകൾ ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് അധികൃതർ. വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇനി ചർച്ചകൾ നടത്തിയാൽ മതിയെന്നാണ് തീരുമാനം. വിശദമായ പഠനങ്ങൾക്ക് ശേഷം മാത്രമാകും അന്തിമ രൂപരേഖ തയാറാക്കൂ.
ആലുവയിൽ നിന്ന് ആരംഭിച്ച് അത്താണൊ കരിയാട് ജങ്ഷനിൽ നിന്ന് മെട്രോ പാത വിമാനത്താവള ഭാഗത്തേക്ക് തിരിയും. വിമാനത്താവളത്തിനോട് നിശ്ചിത ദൂരം അകലെ മുതൽ ഭൂഗർഭപാത ആരംഭിക്കും. ഇതിലൂടെ കടന്നുപോകുന്ന പാത വീണ്ടും ദേശീയപാതയിലേക്ക് പ്രവേശിച്ച് അങ്കമാലി ഭാഗത്തേക്ക് നീളുന്ന തരത്തിലാണ് നിലവിൽ പരിഗണനയുള്ള പാത.
കാക്കനാട് കഴിഞ്ഞാൽ മൂന്നാം ഘട്ടമായാണ് അങ്കമാലിയിലേക്കും തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊച്ചി മെട്രോ പുതിയ പാത ആസൂത്രണം ചെയ്തിരിക്കുന്നത്.
അങ്കമാലി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി രൂപരേഖ തയാറാക്കിയിരുന്നു. 13 കിലോമീറ്റർ ദൈർഘ്യമാണ് ഈ പാതയ്ക്കുള്ളത്.
രൂപരേഖ പ്രകാരം ആലുവയിൽ നിന്ന് അങ്കമാലി കോതകുളങ്ങരവരെ 11 സ്റ്റേഷനുകളാണുള്ളത്. ഈ പാതയുടെ നിർമാണത്തിനായി ഏകദേശം 6.5 ഹെക്ടർ ഭൂമി ആവശ്യമായി വരും. രൂപരേഖ പ്രകാരം 3115 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്.
ENGLISH SUMMARY:
Kochi Metro’s Phase 3 DPR preparation begins for the Aluva–Nedumbassery–Angamaly stretch. The 17.5 km line, including underground sections, will reduce travel time for airport passengers.