കഴിഞ്ഞ 17 ദിവസങ്ങളായി ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും ഇന്നലെ പുറത്തെത്തിച്ചപ്പോൾ എല്ലാവരും കേട്ട ഒരു പേരാണ് റാറ്റ് ഹോൾ മൈനിങ്. അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്‍ പണിമുടക്കിയിട്ടും രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത് റാറ്റ് ഹോള്‍ മൈനിംഗ് എന്ന ഈ രീതിയാണ്. വളരെ ചെറുതായി കുഴിച്ച് കല്‍ക്കരി എടുക്കുന്ന ഖനന രീതിയാണിത്. വളരെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കും എന്നതാണ് റാറ്റ് ഹോള്‍ മൈനിംഗിന്റെ പ്രധാനപ്പെട്ട ഗുണം. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന യന്ത്രത്തിന്റെ ഓഗർ ജോയിന്റ് (ദ്വാരമിടാൻ ഉപയോഗിക്കുന്ന സംവിധാനം) തകർന്നു രക്ഷാപ്രവർത്തനം അസാധ്യവുമായ സാഹചര്യത്തിൽ ഇവരാണ് രക്ഷകരായത്.
എന്താണ് റാറ്റ് ഹോൾ മൈനിങ്
അപകടകരവും അശാസ്‌ത്രീയവുമായതിനാൽ നിരോധിക്കപ്പെട്ട കൽക്കരി ഖനന രീതിയാണ് റാറ്റ് ഹോൾ മൈനിംഗ് എന്നറിയപ്പെടുന്നത്. ഇടുങ്ങിയതും തിരശ്ചീനവുമായ അടരുകളിൽ നിന്ന് കൽക്കരി വേർതിരിച്ചെടുക്കുന്ന ഒരു രീതിയാണ് റാറ്റ് ഹോൾ ഖനനം. “റാറ്റ് ഹോൾ” എന്ന പദം നിലത്തു കുഴിച്ച ഇടുങ്ങിയ കുഴികളെ സൂചിപ്പിക്കുന്നു, സാധാരണയായി ഒരാൾക്ക് ഇറങ്ങാനും കൽക്കരി വേർതിരിച്ചെടുക്കാനും ഇത് മതിയാകും. ഏലി തുരക്കുന്നതുപോലെ വളരെവേഗത്തിൽ തുരന്നു കയറുന്നതുകൊണ്ടാണ് ഇതിനെ റാറ്റ് ഹോൾ മൈനിങ് എന്ന് വിളിക്കുന്നത്. അതിവേഗം രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത് ഈ മൈനിംഗ് കൊണ്ടാണ്. നാലടിയില്‍ കൂടുതല്‍ വീതി ഇതിനുണ്ടാവില്ല. റാറ്റ് ഹോള്‍ മൈനിംഗില്‍ ഖനനം ചെയ്യുന്നവര്‍ അതിനുള്ള ഉപകരണങ്ങളുമായി നേരിട്ടിറങ്ങും. തുടര്‍ന്നാണ് ഖനനം നടത്തുക. കൈകൊണ്ട് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൊണ്ടാണ് തുരക്കുന്നത്. കുഴികൾ കുഴിച്ചുകഴിഞ്ഞാൽ, ഖനിത്തൊഴിലാളികൾ കയറോ മുളകൊണ്ടുള്ള ഏണിയോ ഉപയോഗിച്ച് കൽക്കരി തടങ്ങളിൽ എത്തുന്നു. പിക്കാക്സുകൾ, ചട്ടുകങ്ങൾ, കൊട്ടകൾ തുടങ്ങിയ പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ച് കൽക്കരി വേർതിരിച്ചെടുക്കും.
റാറ്റ്-ഹോൾ ഖനനം രണ്ട് തരത്തിലാണ് നടത്തുന്നത്. സൈഡ് കട്ടിംഗ് രീതിയും ബോക്സ് കട്ടിങ് രീതിയുമുണ്ട്. സൈഡ് കട്ടിംഗ് രീതിയിൽ കുന്നിൻ ചരിവുകളിൽ ഇടുങ്ങിയ തുരങ്കങ്ങൾ കുഴിക്കുകയും കൽക്കരി പാളി കണ്ടെത്തുന്നതുവരെ തൊഴിലാളികൾ അകത്തേക്ക് പോകുകയും ചെയ്യുന്നു. ബോക്സ് കട്ടിങ് എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ തരത്തിലുള്ള റാറ്റ്-ഹോൾ ഖനനത്തിൽ, 10 മുതൽ 100 ചതുരശ്ര മീറ്റർ വരെയുള്ള വിവിധ അളവുകളിൽ ചതുരാകൃതിയിലുള്ള തുറസ്സുണ്ടാക്കി, അതിലൂടെ 100 മുതൽ 400 അടി വരെ ആഴത്തിൽ ലംബമായി കുഴി എടുക്കുന്നു. കൽക്കരി പാളി കണ്ടെത്തിക്കഴിഞ്ഞാൽ, എലിമാളത്തിന്റെ വലിപ്പത്തിലുള്ള തുരങ്കങ്ങൾ തിരശ്ചീനമായി കുഴിച്ച്, അതിലൂടെ തൊഴിലാളികൾക്ക് കൽക്കരി വേർതിരിച്ചെടുക്കാൻ കഴിയും.
ഖനികൾ സാധാരണഗതിയിൽ കൃത്യമായ മേൽനോട്ടമോ നിയന്ത്രണങ്ങളോ ഉള്ളവയാകില്ല, ശരിയായ വായു സഞ്ചാരം, ഘടനാപരമായ പിന്തുണ, അല്ലെങ്കിൽ തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയ സുരക്ഷാ നടപടികൾ ഇല്ല. കൂടാതെ, ഈ രീതിയിലുള്ള ഖനന പ്രക്രിയ ഭൂമിയുടെ നശീകരണത്തിനും വനനശീകരണത്തിനും ജലമലിനീകരണത്തിനും കാരണമാകും.ഇതുമൂലം ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) 2014-ൽ ഈ രീതി നിരോധിച്ചു.