തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചു കേൾക്കുന്നതിൻ്റെ ഭാഗമായാണ് ഹാജരായത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും പ്രതി ഹാജരാകാത്തതിനെതിരെ കോടതി വിമർശനം നടത്തിയിരുന്നു.(KM Basheer case; Sriram Venkataraman appeared in the court)
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ റിവിഷൻ ഹർജി നൽകിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെ തുടർന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്. കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.
2019 ആഗസ്റ്റ് മൂന്നിന് അർദ്ധരാത്രി ഒരു മണിയ്ക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെട്ടത്.