തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക് മാർക്ക് കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എടിഎം പോലൊരു വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.
ഒരേസമയം 25 റേക്കുകളിൽ പുസ്‌തകങ്ങൾ ഉണ്ടാകും. വെൻഡിങ് മെഷീന് പുറത്തുള്ള ടാബിൽ ഏതൊക്കെ പുസ്‌തകങ്ങളാണ് ഉള്ളതെന്ന് പ്രദർശിപ്പിച്ചിട്ടുണ്ട്.
ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് തെളിയും. മൊബൈൽ ഫോൺ ഉപയോഗിച്ച് അത് സ്‌കാൻ ചെയ്‌താൽ അടയ്ക്കേണ്ട തുകയും കാണാനാകും.
ഗൂഗിൾ പേ വഴിയാണ് പണം അടയ്ക്കേണ്ടത്. പിന്നാലെ മെഷീനിൽ താഴെയുള്ള ബോക്‌സിൽ പുസ്‌തകം വീഴും. പിന്നീട് ബോക്‌സ് തുറന്ന് അത് എടുക്കാം.
സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായത്തിന് വിളിക്കാൻ നമ്പറും നൽകിയിട്ടുണ്ട്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്‌തകങ്ങളാണ് മെഷീനിൽ ഉള്ളത്. ഇവ വിറ്റ് പോകുന്നതിന് അനുസരിച്ച് പുതിയ പുസ്‌തകങ്ങൾ നിറയ്ക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
തലസ്ഥാനത്തെ തിരക്കേറിയ തിയറ്റർ സമുച്ചയങ്ങളിൽ ഒന്നാണ് കൈരളി. ചലച്ചിത്രമേളയുടെ പ്രധാനവേദി കൂടിയാണ് ഇത്. പുതിയ സംരംഭം വായനക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ബുക്ക്‌മാർക്ക്.
ബുക്ക് വെൻഡിങ് മെഷീൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഉദ്‌ഘാടനം ചെയ്‌തത്. കെഎഫ്‌ഡിസി എംഡി പി എസ് പ്രിയദർശൻ, ബുക്ക് മാർക്ക് മെമ്പർ സെക്രട്ടറി എബ്രഹാം മാത്യു, എഴുത്തുകാരൻ വിനു എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ബുക്ക് മാർക്ക് പാളയം അയ്യൻകാളി ഹാളിനുസമീപം ആരംഭിച്ച ബുക്ക് കഫേ ഇപ്പോൾ ഹിറ്റാണ്. കൂടുതൽ ബുക്ക് കഫേകൾ ആരംഭിക്കാൻ സംസ്ഥാന ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്.