അതിരാവിലെ പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റും മഴയും വൈദ്യുത അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകൾ പൊട്ടിയേക്കാമെന്നതിനാൽ രാത്രികാലങ്ങളിലും അതിരാവിലെയും പൊതുജനം എത്രത്തോളം ശ്രദ്ധ പാലിച്ചാലും അത്രയും നല്ലതാണെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഓർമ്മിപ്പിച്ചു.
ജാഗ്രത പാലിക്കേണ്ടത് ഇങ്ങനെ:
റബ്ബർ ടാപ്പിംഗിനോ പത്രവിതരണത്തിനോ പോലുള്ള ആവശ്യങ്ങൾക്കായി രാവിലെ പുറത്തിറങ്ങുന്നവർ റോഡും വെള്ളക്കെട്ടുകളും പ്രത്യേകം ശ്രദ്ധിക്കണം.
പൊട്ടിയ വൈദ്യുത ലൈനുകളുടെ സമീപത്തേക്ക് കടക്കരുത്; അവയുടെ അടുത്ത് പോലും നിന്നാലും അപകടമാകാൻ സാധ്യതയുണ്ട്.
വെള്ളക്കെട്ടുകളിലായി വൈദ്യുത ലൈനുകൾ വീണിരിക്കുന്നുവെങ്കിൽ, അതിലെ വെള്ളം പോലും സ്പർശിക്കരുത്.
ഷോക്ക് അനുഭവപ്പെട്ടാൽ എന്തു ചെയ്യണം?
ഷോക്കേറ്റ ആളെ നേരിട്ട് സ്പർശിക്കാതെ, ഉണങ്ങിയ കമ്പോ വൈദ്യുതി ചാർജ് പിടിക്കാത്ത വസ്തുവുപയോഗിച്ച് മാറ്റുക.
പ്രഥമ ശുശ്രൂഷ നൽകി അടിയന്തിരമായി ആശുപത്രിയിലെത്തിക്കുക.
അപകടകരമായ വൈദ്യുത ലൈനുകൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കേണ്ട നമ്പറുകൾ:
എമർജൻസിക്കായി: 9496010101
24/7 ടോൾ ഫ്രീ നമ്പർ: 1912
വാട്ട്‌സ്ആപ് മുഖേന: 9496001912
ഈ നമ്പറുകൾ വഴി വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികളും അറിയിക്കാം. കൂടുതൽ വിവരങ്ങൾക്കായി കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജ് നിരീക്ഷിച്ചുകൊണ്ടിരിക്കുക.
മഴക്കെടുതി: ഇടുക്കിയിൽ കെഎസ്ഇബിയ്ക്ക് നഷ്ടം കോടികൾ….
മഴക്കെടുതിയെ തുടർന്ന് കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകൾ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബി ക്ക് ജില്ലയിൽ ഉണ്ടായിട്ടുള്ളതെന്ന് അധികൃതർ.പ്രതികൂല കാലാവസ്ഥയിലും മികച്ച പ്രവർത്തനം നടത്തിയതുകൊണ്ടുമാത്രമാണ് പരാതികളുടെ എണ്ണം വലിയ അളവിൽ കുറയ്ക്കാനായത്.
വൈദ്യുത ലൈനുകളിൽ മരം വീണ് വൈദ്യുതി മുടക്കമുണ്ടാകുന്ന സന്ദർഭങ്ങളിൽ ഇവ നീക്കം ചെയ്ത് വൈദ്യുതി പുന:സ്ഥാപിക്കാൻ അധികമായി ജീവനക്കാരെ വിന്യസിച്ചിരുന്നു.ഉൽപ്പാദന വിതരണ വിഭാഗങ്ങളിൽ നിന്നുമാണ് ജില്ലയിലാകെ ജീവനക്കാരെ നിയോഗിച്ചത്. ഇതിന് പുറമെ കരാർ തൊഴിലാളികളെയും ഉപയോഗപ്പെടുത്തി.
ഫയർഫോഴ്‌സ്, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളും നാട്ടുകാരും പ്രതിബന്ധങ്ങൾ നീക്കി വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ സഹകരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.വൈദ്യുതി പുന:സ്ഥാപിക്കൽ പ്രവർത്തനങ്ങൾക്ക് ജില്ലയുടെ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ പ്രതികൂലമാകാറുണ്ടെങ്കിലും വൈദ്യുതി മുടക്കം നീളുന്ന സ്ഥിതിവിശേഷം നിലവിൽ ഇല്ല.
മഴയിലും കാറ്റിലും 5.94 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. ജില്ലയിലെ 1698 വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.ഇതിൽ 1370 എണ്ണം ലോ ടെൻഷൻ പോസ്റ്റുകളും 328 എണ്ണം ഹൈ ടെൻഷൻ പോസ്റ്റുകളുമാണ്. മെയ് 23 മുതൽ ജൂൺ 20 വരെയുള്ള വൈദ്യുതി ബോർഡിന്റെ കണക്കുകൾ പ്രകാരമാണിത്.
3175 ട്രാൻസ്‌ഫോർമറുകളുടെ പ്രവർത്തനത്തെയും മഴ ബാധിച്ചു. ഒരു ട്രാൻസ്‌ഫോർമർ വെള്ളം കയറി നശിച്ചു. 641028 വൈദ്യുതി കണക്ഷനുകളിലെ വിതരണത്തെയും മഴയും കാറ്റും ബാധിച്ചു.ഉപഭോക്താക്കൾക്ക് വൈദ്യുതി ബോർഡിനെ പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നമ്പറിലേക്കു വിളിക്കാം. 9496001912 എന്ന നമ്പരിൽ വിളിച്ചോ വാട്സാപ്പ് സന്ദേശമയച്ചോ പരാതി രേഖപ്പെടുത്താം.
വൈദ്യുതി ലൈനുകൾ പൊട്ടി വീണ് കിടക്കുന്നതോ മറ്റ് വൈദ്യുതി സംബന്ധമായ അപകടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ 9496010101 എന്ന നമ്പരിൽ അറിയിക്കാം.വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്.എം.എസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് wss.kseb.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സ്വന്തം മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാം.
English Summary:
Amid ongoing heavy rain and strong winds across Kerala, the Kerala State Electricity Board (KSEB) has warned the public to stay extremely cautious due to the risk of electric accidents caused by fallen trees and snapped power lines, especially at night and early morning hours.