കൊല്ലം: അഞ്ചു ദിവസം നീണ്ടു നിന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. 901 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 897 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 895 പോയിന്റ് നേടി പാലക്കാട് തൊട്ടു പിന്നിലുമുണ്ട്. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി ജി ആർ അനിൽ സുവനീർ പ്രകാശനം ചെയ്യും.
സ്കൂൾ പോയിന്റ് നിലയിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആണ് 234 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 116 പോയിന്റ് നേടി തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും തുടരുന്നു. 239 മത്സരങ്ങളിലായി 12,107 കുട്ടികളാണ് ഇത്തവണ കലോത്സവത്തിൽ പങ്കെടുത്തത്. കോഴിക്കോട് ജില്ലയിൽ നിന്നാണ് കൂടുതൽ മത്സരാർഥികൾ. 1001 കുട്ടികൾ കോഴിക്കോടിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
അതേസമയം, സംസ്ഥാന കലോത്സവവുമായി ബന്ധപ്പെട്ടു പരാതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കൊല്ലം ജില്ലക്കാർക്കു അഭിമാനിക്കാവുന്ന തരത്തിലാണു കലോത്സവം ഇന്ന് അവസാനിക്കുന്നത്. ഗതാഗതം, താമസം, ഭക്ഷണം, സംഘാടനം തുടങ്ങി എല്ലാ സബ് കമ്മിറ്റികളും ഒന്നിനൊന്നു മെച്ചമായി പ്രവർത്തിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 205 പേരാണു വിധിനിർണയം നടത്തിയത്. വിധികർത്താക്കളെ സംബന്ധിച്ചും പരാതികളൊന്നും ലഭിച്ചിട്ടില്ല. കാണികളുടെ പങ്കാളിത്തം കൊണ്ടും കലോത്സവം ശ്രദ്ധേയമായെന്നും മന്ത്രി പറഞ്ഞു. അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നിലധികം ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില എംഎൽഎമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.