തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയ്ക്ക് ശമനം. പുതിയമഴ മുന്നറിയിപ്പ് നാല് ജില്ലകളിലേക്ക് ചുരുങ്ങി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.
തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരമേഖലകളിൽ ന്യൂനമർദ പാത്തി നിലനിൽക്കുന്നതും, വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ശക്തമായ ന്യൂനമർദം നിലനിൽക്കുന്നതും സംസ്ഥാനത്ത് കാലാവസ്ഥയെ ബാധിച്ചു. ഇതിന്റെ ഫലമായി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂലൈ 28 മുതൽ 30 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും, ചില ഇടങ്ങളിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. പുതിയ വിലയിരുത്തലുകൾ പ്രകാരം വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിലെ ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമാകുമെന്നാണ് പ്രതീക്ഷ.
മഴക്കെടുതികൾ ഗുരുതരമായ സാഹചര്യത്തിലായതിനെ തുടർന്നാണ് കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. കൂടാതെ, കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ—ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം അവധി പ്രഖ്യാപിച്ചു. എന്നാൽ, മുമ്പ് നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, കനത്തമഴയെ തുടർന്ന് വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തമായി തുടരുകയാണ്. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയെന്നാണ് പുറത്തു വരുന്ന വിവരം. പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ:
കാറ്റും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ മരങ്ങളുടെ കീഴിൽ നിൽക്കരുത്, അതുപോലെ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
മരങ്ങൾ കടുത്ത കാറ്റിൽ അടിയന്തരമായി വീഴാൻ സാധ്യതയുള്ളതിനാൽ സുരക്ഷ അത്യാവശ്യമാണ്.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ കാറ്റിൽ തകരാൻ സാധ്യതയുള്ളവയാണ്. കാറ്റില്ലാത്ത സമയത്തുതന്നെ ഇവ ബലപ്പെടുത്തുകയോ അഴിച്ചു മാറ്റുകയോ ചെയ്യണം.
ഓല മേഞ്ഞതോ, ഷീറ്റ് അടുക്കിയതോ, ഉറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പു ലഭിച്ചാൽ സുരക്ഷിത കെട്ടിടങ്ങളിലേയ്ക്ക് മാറേണ്ടതാണ്.
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതിയിലൂടെ തിരിച്ചറിഞ്ഞ ആളുകളെ അവശ്യഘട്ടങ്ങളിൽ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നതിനായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും ചേർന്ന് നടപടികൾ സ്വീകരിക്കണം.
വീട്ടുവളപ്പിലുള്ള മരങ്ങളിലെ അപകടം സൃഷ്ടിക്കാവുന്ന ചില്ലകൾ വെട്ടിയൊതുക്കുക. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കാണുന്നുവെങ്കിൽ ഉടൻ തദ്ദേശ സ്ഥാപനത്തെ അറിയിക്കുക.
ചുമരിൽ ചാരി വച്ചിരിക്കുന്ന കോണികൾ, കാറ്റിൽ വീഴാനിടയുള്ള മറ്റ് വസ്തുക്കൾ എന്നിവ കയറുകൾ ഉപയോഗിച്ച് ഉറപ്പിച്ചു കെട്ടണം.
കാറ്റ് വീശിത്തുടങ്ങിയാൽ വാതിലുകളും ജനലുകളും അടച്ചിടണം. ഇവയുടെ സമീപത്ത് നിന്ന് അകലം പാലിക്കുക. ടെറസിൽ നിന്ന് മാറി നിൽക്കുക
വയനാട് മക്കിമലയിൽ അതീവജാഗ്രത
കൽപറ്റ: വയനാട് മക്കിമലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. വനത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായതായാണ് സംശയം. തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപാച്ചിലുണ്ടായതിനെ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
ചെളി കലങ്ങിയ വെള്ളം പുഴയിലൂടെ കുത്തിയൊഴുകുകയാണ്. ആറളം വനത്തിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്. ഇവിടെയുള്ള ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്.
ബാവലി പുഴയിലും ശക്തമായ കുത്തൊഴുക്കാണ്. 13,11 ബ്ലോക്കുകളിലെ 50-ലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നാട്ടുകാർ ഇടപെട്ടാണ് പ്രദേശത്തുള്ള ആളുകളെ മാറ്റുന്നത്.
അതേസമയം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കോഴിക്കോട് കക്കയം ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കിവിടും.
English Summary :
After a week of continuous heavy rain, Kerala sees relief as the weather warning is now limited to four districts — Kasaragod, Kannur, Wayanad, and Kozhikode remain under yellow alert.