തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.(Kerala rain alert today)
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. വരും ദിവസങ്ങളിൽ മധ്യ വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക എന്നും മുന്നറിയിപ്പിൽ പറയുന്നു.
തീരദേശ മേഖലകളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അതേസമയം കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.