തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ജീവനക്കാർക്ക് അവധി നിഷേധിച്ച ലോക്ഭവൻ നടപടി വിവാദമാകുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നാളെ എല്ലാ ജീവനക്കാരും ഓഫീസിൽ ഹാജരാകണമെന്ന് കൺട്രോളർ ഉത്തരവിട്ടു.
രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദ്ദേശം.
സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ലോകത്തിനാകെ പ്രകാശം പരത്തുന്ന ഒരു ആഘോഷത്തിന്റെ പ്രഭകെടുത്തുന്ന ഇത്തരം നീക്കങ്ങൾ അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ കടന്നാക്രമണമെന്ന് പിണറായി
മധ്യപ്രദേശ്, യുപി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ കേരളത്തിലേക്കും പടർത്താൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഉത്തർപ്രദേശിൽ ക്രിസ്മസ് അവധി റദ്ദാക്കി വിദ്യാർത്ഥികളുടെ ഹാജർ നിർബന്ധമാക്കിയ സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ തപാൽ ഓഫീസുകളിൽ ബി.എം.എസ് ആവശ്യപ്രകാരം ആർഎസ്എസ് ഗണഗീതം ആലപിക്കാൻ ശ്രമം നടന്നതും ഇതിന്റെ ഭാഗമാണ്.
ക്രിസ്മസ് യാത്രയ്ക്ക് ആശ്വാസം; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ
മതനിരപേക്ഷത തകർക്കാൻ അനുവദിക്കില്ല
പാലക്കാട് കരോൾ സംഘത്തിന് നേരെ നടന്ന ആക്രമണത്തെയും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു.
കരോൾ സംഘത്തെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.
ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ആർഎസ്എസ് ഭീഷണി മുഴക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത്തരം സംഭവങ്ങളിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
ബഹുസ്വരതയ്‌ക്കെതിരായ കടന്നുകയറ്റം: ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ്.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് നേരെയുള്ള ഒരു കടന്നുകയറ്റവും കേരളത്തിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ ബഹുസ്വരതയെ എതിർക്കുന്ന സംഘപരിവാർ, മതവിദ്വേഷം പടർത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്താനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷം ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായി എത്തിയവർ തന്നെയാണ് ഇപ്പോൾ കരോൾ സംഘങ്ങളെ ആക്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
English Summary
The Lok Bhavan in Kerala has sparked a controversy by ordering employees to report for duty on Christmas day to celebrate the birth anniversary of former PM Atal Bihari Vajpayee. Chief Minister Pinarayi Vijayan strongly condemned this, stating it is an attempt to disrupt the spirit of Christmas.









