ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടികൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജാമ്യ ഹർജി ഓണം അവധിക്ക് ശേഷം കോടതി പരിഗണിക്കും.
ബാറിലുണ്ടായ തർക്കത്തിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ തെന്നിന്ത്യൻ താരം ലക്ഷ്മി മേനോനെ പ്രതിയാക്കി നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചായിരുന്നു ഇരുകൂട്ടരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തർക്കം പിന്നീട് റോഡിലേക്കു നീങ്ങി.
പരാതിക്കാരനായ അലിയാർ ഷായും സുഹൃത്തുക്കളും ബാറിൽ നിന്നു മടങ്ങിയതിനു പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു.
രാത്രി 11.45ഓടെ നോർത്ത് റെയിൽവേ പാലത്തിനു മുകളിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്.
കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം ആരോപിച്ചു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.
തുടർന്ന് തിങ്കളാഴ്ച നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആണ് പ്രതികളിലെത്തിച്ചത് .
സംഭവ സമയത്ത് ലക്ഷ്മി മേനോനും കാറില്‍ ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയെയും പോലീസ് പ്രതിചേർത്തത്. ഇവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
നടിക്കൊപ്പം മിഥുൻ, അനീഷ് എന്നിവരും മറ്റൊരു പെൺസുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. കേസിൽ മിഥുനെയും അനീഷിനെയും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം ‘രഘുവിന്‍റെ സ്വന്തം റസിയ’യിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്‍റെ നായികയായി അഭിനയിച്ചു. നിരവധി തമിഴ് ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.
സിബിഐക്ക് വീഴ്ച; ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. കേസിൽ പ്രതികളായ മുഴുവൻ പോലീസുകാരേയും ഹൈക്കോടതി വെറുതെവിട്ടു.
അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന ഗൗരവമായ വിമർശനം ഉന്നയിച്ചാണ് ഹൈക്കോടതി നടപടി. ആറു പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.
ഇതിൽ ഒന്നും രണ്ടും പ്രതികൾക്ക് സിബിഐ കോടതി വധശിക്ഷയും മറ്റ് പ്രതികൾക്ക് മൂന്നു വർഷം കഠിന തടവും ശിക്ഷയാണ് വിധിച്ചിരുന്നത്. ഈ വിധി പൂർണ്ണമായും ഹൈക്കോടതി റദ്ദാക്കി.
കേസിന്റെ പശ്ചാത്തലം
2005 സെപ്റ്റംബർ 27-നാണ് 29 വയസ്സുകാരനായ ഉദയകുമാറിനെ മോഷണക്കുറ്റം ആരോപിച്ച് ഫോർട്ട് സി.ഐ ഇ.കെ സാബുവിന്റെ പ്രത്യേക സ്ക്വാഡ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കൈവശമുണ്ടായിരുന്ന 4,000 രൂപ മോഷ്ടിച്ചതാണെന്നാരോപിച്ച്, സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായ മർദനത്തിനിരയാക്കുകയായിരുന്നു.
കുറ്റപത്രം പ്രകാരം, ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു, ഉരുട്ടിക്കൊല്ലുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നു. കെ. ജിതകുമാർ, എസ്.വി. ശ്രീകുമാർ, സോമൻ എന്നീ പോലീസുകാരാണ് നേരിട്ട് മർദനത്തിൽ പങ്കെടുത്തത്.
തുടർന്ന് ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവർ സംഭവത്തെ മറച്ചുവയ്ക്കാൻ ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ ആരോപിക്കപ്പെട്ടു.
Summary: Kerala High Court has stayed the arrest of actress Lakshmi Menon in the Kochi IT employee kidnapping case. The court will consider her anticipatory bail plea after Onam holidays.