കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്; തീരപ്രദേശങ്ങൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോൻതാ ചുഴലിക്കാറ്റിന്റെയും അറബിക്കടലിൽ നിലനിൽക്കുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെയും സംയുക്ത സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നു.
തെക്കൻ ജില്ലകളിൽ നിന്നും മധ്യകേരളത്തിലേക്കും വ്യാപിക്കുന്ന മഴക്കാറ്റിന്റെ സ്വാധീനഫലമായി ഇന്ന് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉയർന്നതിനാൽ ഇന്ന് ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴയായി വർഗ്ഗീകരിക്കുന്നത്.
കടൽപ്രദേശങ്ങളിൽ ഉയർന്ന ജാഗ്രത
അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം വടക്ക് വടക്കുകിഴക്ക് ദിശയിൽ നീങ്ങാൻ സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനിറങ്ങുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.
കടലിൽ ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മോൻതാ കരയിലെത്തി ശക്തികുറഞ്ഞു
അതേസമയം, ആന്ധ്രയുടെ കരഭൂമിയിൽ അർദ്ധരാത്രിയോടെ കടന്നുചെന്ന മോൻതാ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇത് സാധാരണ ചുഴലിക്കാറ്റായി ഒഡിഷ ഭാഗത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ടുണ്ട്.
കരയിൽ പ്രവേശിക്കാനായി മോൻതാ ആറ് മണിക്കൂർ നേരം എടുത്തുവെന്നും അതിനിടെ ദക്ഷിണ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതായി അറിയിക്കുന്നു.
കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചനപ്രകാരം അടുത്ത നാലു ദിവസങ്ങളിലും സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയും ഇടത്തരം ശക്തിയുള്ള മഴയും തുടരുമെന്നാണ് പ്രതീക്ഷ.
ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ പവന് 9000 രൂപയുടെ ഇടിവ്
വിദ്യാലയങ്ങൾ, കാർഷിക മേഖല, യാത്രകൾ തുടങ്ങിയവയിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജനങ്ങൾ സുരക്ഷിതമായി തുടരണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
ജാഗ്രതയും സുരക്ഷിതത്വവുമാണ് പ്രധാനം
അനാവശ്യ യാത്ര ഒഴിവാക്കുക, വൈദ്യുതി ലൈനുകളും മരച്ചില്ലകളുമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധിക ജാഗ്രത പുലർത്തുക.









