പാലക്കാട്: വീട് ഒരു ഔദാര്യമല്ലെന്ന് മന്ത്രി എം ബി രാജേഷ്. പിഎംഎവൈ-ലൈഫ് വീടുകളിൽ ലോഗോ പതിപ്പിക്കണമെന്ന് കേന്ദ്രം പറയുന്നത് ശരിയല്ലെന്നും അത് കേരളത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. ദാനം കിട്ടിയ വീട് എന്ന പ്രതീതി വ്യക്തിയുടെ അന്തസിനെ ഹനിക്കുന്നതാണ്. ലോഗോ പതിപ്പിക്കുന്നത് നടപ്പാക്കാത്തതിനാൽ കേരളത്തിന് കിട്ടാനുള്ള തുക തടഞ്ഞു വെച്ചിരിക്കുകയാണ് കേന്ദ്രമെന്നും മന്ത്രി ആരോപിച്ചു.
വിഷയം സംബന്ധിച്ച് കത്തയച്ചപ്പോൾ കേന്ദ്രം മറുപടി നൽകാൻ തയ്യാറായില്ലെന്നും എന്ത് സമ്മർദ്ദം വന്നാലും ഒരു ലോഗോയും ഒരു വീട്ടിലും പതിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ലൈഫ് മിഷനിൽ അഞ്ച് ലക്ഷം വീടുകൾ വയ്ക്കാനുള്ള കരാർ പൂർത്തിയായതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. 3,85,145 വീടുകളുടെ നിർമ്മാണം പൂർത്തിയായി. രാജ്യത്ത് ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ച സംസ്ഥാനം എന്ന നേട്ടം കേരളം കൈവരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിൻ്റെ പ്രധാന മിഷനുകളിൽ ഒന്നായിരുന്നു ലൈഫ് പദ്ധതി. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിരുന്ന സാഹചര്യത്തിനിടയിലാണ് ഈ നേട്ടം കേരളം നേടിയത്. 17,209 കോടി രൂപ പദ്ധതിക്കായി ചെലവിട്ടു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്രയും തുക അനുവദിച്ചിട്ടില്ല.
88 ശതമാനവും സംസ്ഥാനത്തിൻ്റെ വിഹിതമാണ്. 12.09 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിച്ചത്. 15,000 കോടിയിലധികം രൂപ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് വഹിക്കുന്നത്. പിഎംഎവൈ ഗ്രാമീൺ പദ്ധതി പ്രകാരം കേരളത്തിന് 2021- 22 ന് ശേഷം ഒരു വീട് പോലും കിട്ടിയിട്ടില്ല. വീടും ഭൂമിയും ഇല്ലാത്തവരായി എട്ട് ലക്ഷം പേർ ഇനിയും അവശേഷിക്കുന്നുണ്ട്. ലൈഫ് പദ്ധതിയിൽ ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും നടന്നുകൊണ്ടിരിക്കുന്നുവെന്നും എം ബി രാജേഷ് അറിയിച്ചു.
Read Also: തമിഴ്നാട് സർക്കാരിനു തിരിച്ചടി: മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്