റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും തെളിമ പദ്ധതിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. Kerala government introduces thelima scheme
ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെയാണ് പദ്ധതി കാലയളവ്.
ബുക്ക് രൂപത്തിലെ കാര്‍ഡുകള്‍ മാറ്റി സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നതിനു മുന്‍പു വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം.
തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും അവസരമുണ്ട്.
കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തി നല്‍കും.
മുന്‍ഗണനാവിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ്ങ് നിരസിക്കപ്പെട്ടവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. കാര്‍ഡിലെ തെറ്റുകള്‍ തിരുത്തിയാല്‍ ഇവര്‍ക്ക് വീണ്ടും മസ്റ്ററിങ്ങ് നടത്താനാകും.
അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ, അന്ത്യോദയ അന്നയോജന കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം.ഡിസംബര്‍ 15നു ശേഷം അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ചു തെറ്റുകള്‍ തിരുത്തും.