2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്ന് ചരിത്ര നേട്ടം കൈവരിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ തുടരുന്ന അസ്ഥിരത, ഓഹരി വിപണിയിലെ ചാഞ്ചാട്ടം, കറൻസികളുടെ മൂല്യത്തിലെ മാറ്റങ്ങൾ എന്നിവയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ സ്വർണവില കുതിച്ചുയർന്ന് ഒരു ലക്ഷം കടക്കാൻ കാരണം.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂടുതൽ ആശ്രയിക്കുന്നത് സ്വർണത്തെയായതോടെയാണ് വിലയിൽ ഈ വലിയ മുന്നേറ്റം പ്രതിഫലിക്കുന്നത്.
സ്വർണവിലയുടെ നാൾവഴി പരിശോധിക്കുമ്പോൾ, കഴിഞ്ഞ രണ്ടുവർഷത്തിനിടെ മാത്രം പവന് ഏകദേശം 50,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
2005ൽ പവന് 5,000 രൂപയായിരുന്ന സ്വർണവില, ഇരുപത് വർഷംകൊണ്ട് ഇത്രയും ഉയരത്തിലെത്തിയത് അപൂർവ നേട്ടമാണ്.
2024 മാർച്ച് 29നാണ് സ്വർണവില ആദ്യമായി 50,000 രൂപ കടന്നത്. അന്ന് പവന് 50,400 രൂപയായിരുന്നു വില. തുടർന്ന് റെക്കോർഡുകൾ തകർത്ത് ഏപ്രിലിൽ തന്നെ 51,000, 52,000, 53,000, 54,000 എന്നിങ്ങനെ വില ഉയർന്നു.
2024 മെയ് മാസത്തിലാണ് സ്വർണവില ആദ്യമായി 55,000 കടന്നത്.
60,000 രൂപ കടക്കാൻ പിന്നീടുള്ള ഏഴ് മാസം എടുത്തു. ഈ വർഷം ജനുവരി 22നാണ് പവന് 60,200 രൂപയുമായി സ്വർണവില 60,000 കടന്നത്.
അതിന് പിന്നാലെ വില ഉയരുന്നതിന് വേഗം കൂടുകയായിരുന്നു. ഏകദേശം ഒരു വർഷത്തിനകം തന്നെ പവന് 40,000 രൂപയിലധികമാണ് വർധിച്ചത്.
ഈ വർഷം ഏപ്രിൽ 12നാണ് സ്വർണവില ആദ്യമായി 70,000 കടന്നത്. സെപ്റ്റംബറിൽ 80,000 തൊട്ടു. സെപ്റ്റംബർ 9നാണ് ഈ പുതിയ ഉയരം രേഖപ്പെടുത്തിയത്.
80,000 കടന്നതോടെ തന്നെ സ്വർണവില വൈകാതെ ഒരു ലക്ഷം കടക്കുമെന്ന് വിപണി വിദഗ്ധർ പ്രവചിച്ചിരുന്നു. ആ പ്രവചനമാണ് ഡിസംബർ 23ന് യാഥാർത്ഥ്യമായത്.
ഒക്ടോബർ 8നാണ് സ്വർണവില ആദ്യമായി 90,000 കടന്നത്. തുടർന്ന് രണ്ടുമാസത്തിനകമാണ് പവന് ഒരു ലക്ഷം രൂപ കടന്ന് സർവകാല റെക്കോർഡ് കുറിച്ചത്.
വരും ദിവസങ്ങളിലും സ്വർണവില ഉയരാനുള്ള സാധ്യത നിലനിൽക്കുന്നതായി വിപണി വിലയിരുത്തുന്നു.
നിക്ഷേപം എന്ന നിലയിൽ സ്വർണവിലയിലെ ഈ കുതിപ്പ് നിക്ഷേപകർക്ക് ആശ്വാസവും സന്തോഷവും നൽകുമ്പോൾ, വിവാഹ ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും സ്വർണം വാങ്ങുന്ന സാധാരണക്കാർക്ക് ഇത് വലിയ സാമ്പത്തിക സമ്മർദ്ദമായി മാറുകയാണ്.
English Summary
Gold prices in Kerala have crossed the ₹1 lakh mark per sovereign for the first time in history. Global economic uncertainty and investors turning to gold as a safe investment have driven the sharp rise. While the surge brings gains for investors, it poses a major challenge for consumers planning to buy gold for weddings and personal needs.
kerala-gold-price-crosses-one-lakh-historic-record
gold price, kerala gold rate, gold crosses one lakh, gold investment, economic uncertainty, bullion market, jewellery news









