15 ശതമാനം വർധന; കേരളത്തിൽ ഇറങ്ങുന്നതിൽ എട്ടിലൊന്ന് ഇ- വാഹനം
തൃശൂർ: ഇലക്ട്രിക് വാഹന രജിസ്ട്രേഷനിൽ സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
2025 നവംബർ വരെ 95,899 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെക്കാൾ 12,631 വാഹനങ്ങൾ അധികമാണിത്. ഡിസംബർ കണക്കുകൾ കൂടി ചേർന്നാൽ രജിസ്ട്രേഷൻ ഒരു ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.
2024–25 സാമ്പത്തികവർഷത്തിൽ സംസ്ഥാനത്ത് മൊത്തം 7.95 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏകദേശം എട്ടിൽ ഒന്ന് ഇലക്ട്രിക് വാഹനങ്ങളാണ്.
രജിസ്റ്റർ ചെയ്തവയിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകളും വിപണിയിൽ വ്യാപകമാണ്.
ബാറ്ററി ചാർജും ദൈർഘ്യവും സംബന്ധിച്ച ആശങ്കകൾ തുടക്കത്തിൽ നിലനിന്നിരുന്നെങ്കിലും, പ്രമുഖ വാഹന നിർമ്മാതാക്കൾ ഒറ്റ ചാർജിൽ 150 മുതൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന സ്കൂട്ടറുകളും, 200 മുതൽ 500 കിലോമീറ്റർ വരെ റേഞ്ചുള്ള കാറുകളും വിപണിയിൽ അവതരിപ്പിച്ചതോടെ അവ മാറി.
എട്ടുവർഷം വരെ ബാറ്ററി വാറണ്ടിയുള്ള മോഡലുകളും ലഭ്യമാണ്.
2025-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് യാത്രാവാഹനങ്ങൾ രജിസ്റ്റർ ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. കർണാടക രണ്ടാമതും കേരളം മൂന്നാമതുമാണ്.
ഡൽഹിയും തമിഴ്നാടും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഇ-കാർഗോ വാഹനങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഉത്തർപ്രദേശാണ് മുൻപന്തിയിൽ.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ സബ്സിഡി നൽകുന്ന സംസ്ഥാനം മഹാരാഷ്ട്രയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ധനവിലയിലെ വർധന, കുറഞ്ഞ പരിപാലനച്ചെലവ്, ദീർഘായുസുള്ള ബാറ്ററി, മികച്ച മൈലേജ്, ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ വർധന എന്നിവയാണ് ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്.
സോളാർ വൈദ്യുതി വ്യാപകമായതോടെ വീടുകളിൽ തന്നെ ചാർജിംഗ് സൗകര്യം ഉറപ്പാക്കാനാകുന്നതും നേട്ടമായി മാറുന്നു.
English Summary
Kerala is witnessing a strong shift towards electric vehicles, with registrations increasing by nearly 15% compared to last year. By November 2025, over 95,000 EVs were registered in the state, and the figure is expected to cross one lakh by year-end. Two-wheelers dominate EV registrations, supported by improved battery range, long warranties, lower maintenance costs, and better charging infrastructure. Kerala now ranks third in EV passenger vehicle registrations in India, following Maharashtra and Karnataka.
kerala-electric-vehicle-registration-growth-2025
Electric Vehicles, Kerala News, EV Registration, Green Mobility, Electric Scooters, Electric Cars, Sustainable Transport, Automobile News









