വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ
തിരുവനന്തപുരം: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വോട്ടർമാരെ സ്വാധീനിക്കാൻ വാഗ്ദാനപ്പെരുമഴയുമായി മുന്നണികൾ. മൂന്നു മുന്നണികളുടെയും പ്രകടനപത്രികകൾ പുറത്തിറങ്ങിയതോടെ, വിവാദങ്ങൾ വിട്ട് ഉറപ്പുകൾ പാലിക്കുമെന്ന വിശ്വാസം ജനങ്ങളിൽ വളർത്തുന്നതിനാണ് നേതാക്കളുടെ ഇപ്പോഴത്തെ ശ്രമം.
ഇടതു സർക്കാരിന് തുടർഭരണം ഉറപ്പിക്കാൻ നിർണായകമായ ക്ഷേമ പെൻഷൻ ഇത്തവണയും പ്രധാന ആകർഷണമായി. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ—മൂന്നു മുന്നണികളും പെൻഷൻ 3,000 രൂപയാക്കുമെന്ന സമാന വാഗ്ദാനം മുന്നോട്ടുവച്ചു.
എൻ.ഡി.എ പാവപ്പെട്ട വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജുള്ള ഭക്ഷ്യ-ആരോഗ്യ കാർഡ് വാഗ്ദാനം ചെയ്യുമ്പോൾ, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്ന ഉറപ്പാണ് എൽ.ഡി.എഫിന്റെ പ്രധാന വാഗ്ദാനം.
വിദ്യാഭ്യാസം, ആരോഗ്യരംഗം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ, സ്ത്രീശക്തീകരണം തുടങ്ങിയ മേഖലകളിൽ മൂന്നു മുന്നണികളും പ്രാധാന്യം നൽകിയിട്ടുണ്ട്. ആശാ വർക്കർമാരുടെ ദിവസവേതനം 700 രൂപയാക്കുമെന്നാണ് യു.ഡി.എഫിന്റെ വാഗ്ദാനം.
മെട്രോ സർവീസ് കോഴിക്കോടും കൊച്ചിയിലും വ്യാപിപ്പിക്കുമെന്ന ഉറപ്പും എൽ.ഡി.എഫും യു.ഡി.എഫും പങ്കുവെക്കുന്നു. റബറിന് 300 രൂപ നൽകുമെന്നും ഇരുവരും പ്രഖ്യാപിച്ചു. നെല്ലിന്റെ താങ്ങുവില 35 രൂപയാക്കുമെന്ന് എൽ.ഡി.എഫ് പറയുമ്പോൾ, സംഭരണവില 35 രൂപയാക്കുമെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്.
ശബരിമലയും സ്വർണക്കൊള്ളക്കേസും തെരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രധാന വിഷയങ്ങളായി. ശബരിമല വികസനമാണ് എൽ.ഡി.എഫിന്റെ പ്രമേയം. സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. സമയബന്ധിത സി.ബി.ഐ അന്വേഷണം നടത്തുമെന്നതാണ് എൻ.ഡി.എയുടെ വാഗ്ദാനം.
വിദ്യാഭ്യാസം:
- പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് (എൽ.ഡി.എഫ്)
- കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം (യു.ഡി.എഫ്)
- സർക്കാർ വിദ്യാലയങ്ങളിൽ ഐച്ഛിക ഇംഗ്ലീഷ് മീഡിയം (എൻ.ഡി.എ)
ആരോഗ്യം:
- കാരുണ്യ ചികിത്സ പദ്ധതി പരിധിയില്ലാത്ത ആനുകൂല്യമായി (എൽ.ഡി.എഫ്)
- എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് (യു.ഡി.എഫ്)
- ആയുഷ്മാൻ ഭാരത് വ്യാപനം, എയിംസ് സ്ഥാപനം (എൻ.ഡി.എ)
English Summary
With elections approaching, political fronts in Kerala have rolled out a series of promises to attract voters. Welfare pensions, healthcare, education, and infrastructure remain key focus areas, with several overlapping assurances from LDF, UDF, and NDA. Leaders are now focused on convincing voters of their credibility in delivering these promises.
kerala-election-manifesto-promises-ldf-udf-nda
Kerala Election, LDF, UDF, NDA, Manifesto, Welfare Pension, Political News, Kerala Politics









