തിരുവനന്തപുരം: ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള വമ്പന്‍ കായിക പദ്ധതിക്ക് തയ്യാറെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍. പാലക്കാട് ജില്ലയിലാണ് 21 ഏക്കര്‍ സ്ഥലത്ത് കെസിഎയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ചാത്തന്‍കുളങ്ങര ദേവീക്ഷേത്ര ട്രസ്റ്റാണ് സ്റ്റേഡിയം നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കുന്നത്. തൊടുപുഴയിലെ മാതൃകയില്‍ രണ്ട് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ് സൗകര്യം, ക്ലബ്ബ് ഹൗസ്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയുള്‍പ്പെടെയുള്ള പദ്ധതിയാണ് നടപ്പിലാക്കുക.
30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാട്ടക്കരാര്‍ അടിസ്ഥാനത്തില്‍ 33 വര്‍ഷത്തേക്കാണ് ഭൂമി വിട്ടുനല്‍കുന്നത്. പത്ത് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും വര്‍ഷംതോറും 21,35,000 രൂപയും കെസിഎ ക്ഷേത്രത്തിന് നല്‍കും.
പദ്ധതിയുടെ ഭാഗമായിട്ടുള്ള ജോലികളില്‍ പ്രദേശവാസികള്‍ക്കാകും മുന്‍ഗണനയെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025 ജനുവരിയോടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മാണം 2026 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
അടുത്ത മാസം തന്നെ പദ്ധതി സംബന്ധിച്ച് കരാര്‍ ഒപ്പിടാനാണ് തീരുമാനം. മുമ്പ് 2018ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതേ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയും മ്റ്റ് നടപടിക്രമങ്ങളും ആരംഭിച്ചുവെങ്കിലും കൊവിഡ് മഹാമാരി വ്യാപിച്ചതിനെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ ഇത് മുടങ്ങിയിരുന്നു.
തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് നിലവില്‍ കെസിഎക്ക് സ്വന്തം സ്റ്റേഡിയങ്ങളുള്ളത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മത്സരങ്ങളും സംഘടിപ്പിക്കാവുന്ന മാനദണ്ഡങ്ങളിലായിരിക്കും സ്റ്റേഡിയം നിര്‍മിക്കുക.
Kerala Cricket Association is preparing for a huge sports project including a cricket stadium.