കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്) വിട്ട സജി മഞ്ഞക്കടമ്പിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് (ഡെമോക്രാറ്റിക്) എന്ന പേരിലാണ് പുതിയ പാർട്ടി. കോട്ടയത്ത് വിളിച്ചുചേർത്ത കൺവൻഷനിലാണ് സജി പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.ഒരാഴ്ചമുമ്പാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജിയിൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കവും പാളിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാൻ തയാറാകാത്തതാണ് പ്രശ്നം.
എൻഡിഎയിലേക്ക് പോകുന്ന കാര്യം യോഗത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നുമായിരുന്നു സജി മഞ്ഞക്കടമ്പിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് എമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നേരത്തെ ശക്തമായിരുന്നു.പി ജെ ജോസഫിനോട് ഫോണിൽ പോലും സംസാരിക്കാനും സജി തയാറാകാതെ വന്നതോടെ കോൺഗ്രസ് നേതൃത്വവും ഒത്തു തീർപ്പു നീക്കങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് പിൻമാറി. സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയർമാനായി മുതിർന്ന നേതാവ് ഇ ജെ അഗസ്തിയെ നിയമിക്കാൻ പിജെ ജോസഫ് തീരുമാനിക്കുകയും ചെയ്തു. സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നുമായിരുന്നു ജോസ് കെ മാണിയുടെ പരാമർശം.