കൊൽക്കത്ത: ഐ.എസ്.എല്ലിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനെതിരായ മത്സരത്തിൽ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാംപകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം.
ക്വാമെ പെപ്ര (67ാം മിനിറ്റ്), ജീസെസ് ജിമെനെസ് (75ാം മിനിറ്റ്) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യംകണ്ടത്. മുഹമ്മദൻ സ്പോർട്ടിങ്ങിന് വേണ്ടി 28ാം മിനിറ്റിൽ മിർജലോൽ കാസിമോവ് പെനാൽറ്റിയിലൂടെ ഗോൾ നേടി.
അവസാന രണ്ടു മത്സരങ്ങളിലും സമനിലയിൽ കുരുങ്ങിയ ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയം ലക്ഷ്യമിട്ട് പൊരുതിക്കളിക്കുകയായിരുന്നു. സൂപ്പർ താരം അഡ്രിയൻ ലൂണ കളത്തിലിറങ്ങിയത് ബ്ലാസ്റ്റേഴ്സിന്‍റെ കരുത്ത് കൂട്ടി.
എന്നാൽ, ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ നീക്കങ്ങളെല്ലാം മുഹമ്മദൻ പ്രതിരോധത്തിൽ തട്ടിനിന്നു. 28ാം മിനിറ്റിൽ മുഹമ്മദൻ താരം ഫ്രാൻകയെ ബ്ലാസ്റ്റേഴ്സ് ഗോളി സോം കുമാർ വീഴ്ത്തിയതാണ് പെനാൽറ്റിക്കിടയാക്കിയത്. കിക്കെടുത്ത മിർജലോൽ കാസിമോവ് പന്ത് കൃത്യമായി വലയിലെത്തിച്ച് ആതിഥേയരെ മുന്നിലെത്തിക്കുകയായിരുന്നു (0-1).
രണ്ടാംപകുതിയിൽ ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് പരിശ്രമിച്ചു. 67ാം മിനിറ്റിൽ ഇതിന് ഫലമുണ്ടായി. നോഹ സദൗയിയുടെ വോളി ബോക്സിൽ സ്വീകരിച്ച പെപ്രെ പിഴക്കാതെ ലക്ഷ്യം നേടി. സ്കോർ 1-1. നാല് മിനിറ്റിന് ശേഷം ബ്ലാസ്റ്റേഴ്സിന് ലീഡെടുക്കാൻ നോഹക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഫിനിഷ് ചെയ്യാനായില്ല. എന്നാൽ, 75ാം മിനിറ്റിൽ ജിമെനെസിന്‍റെ കാത്തിരുന്ന ഗോളെത്തി. ഇടത് വിംഗിൽ നിന്ന് തൊടുത്ത ഷോട്ട് മുഹമ്മദൻ ഗോളിയെ കബളിപ്പിച്ച് ഗോൾവലക്കുള്ളിൽ. ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിൽ.
അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ മുഹമ്മദൻ കളിക്കാർ കിണഞ്ഞുശ്രമിച്ചു. കളി പരുക്കനായതോടെ നിരവധി ഫൗളുകളും പിറന്നു. അധികമായി അനുവദിച്ച ഒമ്പത് മിനിറ്റിൽ ബ്ലാസ്റ്റേഴ്സും എതിർഗോൾമുഖത്തേക്ക് നീക്കങ്ങൾ നടത്തി. എട്ട് മഞ്ഞക്കാർഡുകളാണ് മത്സരത്തിലുണ്ടായത്.
ജയത്തോടെ അഞ്ച് മത്സരത്തിൽ നിന്ന് എട്ട് പോയന്‍റുമായി പോയിന്‍റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണുള്ളത്. അഞ്ച് മത്സരത്തിൽ നിന്ന് നാല് പോയിന്‍റ് മാത്രമുള്ള മുഹമ്മദൻ 11ാം സ്ഥാനത്താണ്. 25ന് ബംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.
Kerala Blasters Comeback to Beat Mohammedan SC 2-1 Amid Crowd Trouble